സഹോദരന്‍റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പലതവണ പിഡീപ്പിച്ച പ്രതിക്ക് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടക്കല്‍ സ്വദേശിയായ അമ്പത്താറുകാരനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2018ല്‍ കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ 2020 ജനുവരി വരെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതിയുടെ വീട്ടിലേക്ക് ടി വി കാണുന്നതിനും കളിക്കുന്നതിനുമായി എത്തുന്ന കുട്ടിയെ മിഠായിയും മറ്റും വാഗ്ദാനം ചെയ്ത് കിടപ്പു മുറിയിലേക്ക് കൊണ്ടു പോയി ബലാല്‍സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കുകയായിരുന്നു. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിനും 366 വകുപ്പ് പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ഏഴു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ഒരു വകുപ്പിലും രണ്ടു വര്‍ഷം വീതം കഠിന തടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ പോക്‌സോ ആക്ടിലെ നാലു വകുപ്പുകളിലും ശിക്ഷയുണ്ട്. ഒരോ വകുപ്പുകളിലും മുപ്പതു വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത വകുപ്പുകളില്‍ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സല്‍മയും പി ഷാജിമോളുമായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍മാര്‍. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Post a Comment