Jun 30, 2024

കുട്ടികൾക്ക് ഇഷ്ടമായ പഞ്ഞി മിട്ടായി കേരളത്തിലും നിരോധിച്ചു


കൊച്ചി : മലയാളികൾ മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ  പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി. 

കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായിയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.
പഞ്ചസാരയാണ് മിഠായിയിലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തിൽ പഞ്ചസാര ഇട്ട് കറക്കിയാണ് ഇത് നൂൽ പോലെയാക്കുന്നത്. നിറത്തിനായി റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി നിർമ്മാണം തടഞ്ഞിരുന്നു. എന്നിട്ടും വിപണിയിൽ സുലഭമായതിനെ തുടർന്നാണ് നിരോധനം. ഇനിയും വിറ്റാൽ ക്രിമിനൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളും നേരിടേണ്ടിവരും. 

ഉത്തരേന്ത്യൻ രുചി

ഉത്തരേന്ത്യക്കാരാണ് കേരളത്തിൽ വ്യാപകമായി മിഠായി കുടിൽ വ്യവസായമായി നിർമ്മിക്കുന്നതും വിൽക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികൾ എളുപ്പമല്ല. പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വിൽപ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും.
കേരളത്തിൽ കൂടുതലും പിങ്ക് നിറത്തിലെ പഞ്ഞിമിഠായിക്കായിരുന്നു ഡിമാൻഡ്. ചില ഹോട്ടലുകളിലും വിവാഹം ഉൾപ്പടെയുള്ള സ്വകാര്യ പരിപാടികളിലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്. 

റോഡാമിൻ ബി എന്ന വില്ലൻ

ടെക്സ്റ്റൈൽ, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്‌നങ്ങൾക്ക് വരെ ഇത് വഴിയൊരുക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only