Jul 8, 2024

എയർ കേരള യാഥാർഥ്യത്തിലേക്ക്; സെറ്റ്ഫ്ലൈ ഏവിയേഷന് പ്രവർത്തനാനുമതി.


ദുബൈ: എയർ കേരള എന്ന പേരിൽ ആഭ്യന്തര വിമാന സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതായി സെറ്റ്ഫ്ലൈ ഏവിയേഷൻ ഉടമകൾ അറിയിച്ചു. ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സിയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചത്.


തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ടെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. എയർകേരള എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന് അഫി അഹമ്മദ് പറഞ്ഞു.

പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാമലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ് പറഞ്ഞു. കമ്പനി യാഥാർഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബൈ) തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only