മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി വന്ന കയാക്കിംഗ് മത്സരാർത്ഥികളായ ഇറ്റലിക്കാരായ പൗലോ റോഗ്ന, മാർട്ടിന റോസ്സി, റഷ്യക്കാരിയായ മരിയ കൊറനേവ എന്നിവർ മലയോര ഗ്രാമീണ ജീവിതം അനുഭവിച്ചറിയുവാനായി മലബാർ റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്റർ പോൾസൻ അറക്കലിനോടൊപ്പം കർഷക ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു.
ചക്കയും ചക്കവരട്ടിയും അവലോസുണ്ടയും ആസ്വദിച്ച് കഴിച്ച താരങ്ങൾ ഒരു ചക്ക സ്വന്തമാക്കാനും മറന്നില്ല. തിരുവമ്പാടി നെല്ലാനിച്ചാലിലെ മില്ലിലെത്തി കൊപ്രയാട്ടി വെളിച്ചെണ്ണ നിർമ്മിക്കുന്നത് കണ്ട് മനസ്സിലാക്കിയ സംഘം അവിടെ നിന്നും വെളിച്ചെണ്ണയും വാങ്ങിയാണ് ഇറങ്ങിയത്. താലോലം പ്രൊഡക്ടിസിലെ മരത്തിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ ഓരോന്നും കുട്ടികളെപ്പോലെ ആസ്വദിച്ചു കളിക്കുകയും വിലയ്ക്ക് വാങ്ങുകയും ചെയ്ത സന്ദർശകർ അക്വാപെറ്റ്സ് ഇന്റർനാഷനലിലെ അലങ്കാര മത്സ്യക്കൃഷിയും കണ്ടാസ്വദിച്ച് തുടർന്ന് അടിവാരത്ത് ചെന്ന് ഇളനീരും വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം വിൽസൺ മാത്യു, ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, താലോലം പ്രൊഡക്ട്സ് ഉടമ ബീന അജു, മുസ്തഫ നെല്ലാനിച്ചാൽ, ജോർജ്ജുകുട്ടി പനച്ചിക്കൽ എന്നിവർ സന്ദർശകർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുകയും വിശദാംശങ്ങൾ വിവരിച്ചു നൽകുകയും ചെയ്തു.
Post a Comment