മുക്കം: നഗരസഭയിലെ പെരുമ്പടപ്പിൽ ബവ്റിജസ് കോർപറേഷൻ ഔട്ട് ലെറ്റിന് ലൈസൻസ് നൽകിയ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷൻ പി.ടി.ബാബു, ഉപാധ്യക്ഷ കെ.പി.ചാന്ദ്നി എന്നിവർക്കെതിരെ പ്രതിപക്ഷത്തെ യുഡിഎഫ് കൗൺസിലർമാർ നൽകിയ അവിശ്വാസ പ്രമേയ നോട്ടിസിൽ ചർച്ചയും വോട്ടെടുപ്പും 3 ന് നടക്കും. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ (കോഴിക്കോട്)ടി.ജെ.അരുൺ നഗരസഭയിലെ കൗൺസിലർമാർക്ക് കത്ത് അയച്ചു. 3ന് രാവിലെ 10ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബുവിനും 2ന് ഉപാധ്യക്ഷ കെ.പി.ചാന്ദ്നിക്കും എതിരെയുള്ള അവിശ്വാസത്തിൽ വോട്ടെടുപ്പ് നടക്കും.ഭൂരിപക്ഷമില്ലാതെ ചട്ട വിരുദ്ധമായി നൽകിയ ലൈസൻസ് റദ്ദാക്കണമെന്ന് പ്രതിപക്ഷത്തെ യുഡിഎഫ്, വെൽഫെയർ പാർട്ടി,ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
വോട്ടിങിൽ 13 പേർ ലൈസൻസ് നൽകിയതിന് അനുകൂലിച്ചപ്പോൾ 17 പേർ ലൈസൻസ് നൽകിയതിനെതിരെയും വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ തന്നെ ലൈസൻസ് റദ്ദാകുമെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടികാട്ടുന്നത്.മാനദണ്ഡങ്ങൾ പാലിക്കാതെ മദ്യശാലക്ക് ലൈസൻസ് നൽകിയതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷത്തെ കൗൺസിലർമാർ പറഞ്ഞു.
യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച മജീദ് ബാബുവിന്റെ പിന്തുണയിലാണ് ഇടതു മുന്നണി നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിന് 15, യുഡിഎഫിനു 12,വെൽഫെയർ പാർട്ടിക്ക് മൂന്നും അംഗങ്ങൾ വീതവും ഒരു യുഡിഎഫ് വിമതൻ, 2 ബിജെപി അംഗങ്ങളുമാണുള്ളത്.
Post a Comment