കോടഞ്ചേരി:- കോഴിക്കോട് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ കോടഞ്ചേരി ചെമ്പുകടവ് അംബേദ്കർ ഉന്നതിയിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംഘടിപ്പിച്ചു. എല്ലാവർഷവും ആഗസ്റ്റ് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചു വരുന്നുണ്ട്. ആഗസ്റ്റ് 9 മുതൽ 15 വരെ ഒരാഴ്ച കാലം "പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാം" എന്ന ആശയം ഉയർത്തിക്കൊണ്ട് വിവിധ വകുപ്പുകളും ആയി ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ ,മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ആയതിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വനജ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോഴിക്കോട് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി എ.ബി. ശ്രീജകുമാരി തദ്ദേശദിന സന്ദേശം നൽകി . മുക്കം ഫയർ ആൻഡ് റസ്ക്യു ഓഫീസർ ശ്രീ മിഥുൻ ദുരന്ത നിവാരണ പ്രതിരോധ അവബോധന ക്ലാസും കോടഞ്ചേരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഷിഫാസ് സാമൂഹ്യ സുരക്ഷ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും കോടഞ്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി മുബീന ആരോഗ്യ ശുചിത്വ അവബോധന ക്ലാസും നൽകി.ഊരുമൂപ്പത്തി മാരായ ശ്രീമതി ദേവി, ശ്രീമതി ശാന്ത എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീമതി ദേവി തദ്ദേശീയ പ്രതിജ്ഞ ചൊല്ലി കൊടുത്തു .കോടഞ്ചേരി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടിയിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ എസ് സലീഷ് സ്വാഗതവും കമ്മിറ്റഡ് സോഷ്യൽ വർക്കർ ശ്രീമതി ടി .സി.ഭഗീഷ്മ നന്ദിയും രേഖപ്പെടുത്തി. എസ് ടി പ്രമോട്ടർമാർ ,ഉന്നതി നിവാസികൾ ,വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Post a Comment