◾ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഓണത്തിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
◾ സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനാണെന്നും സതീശന്‍ പറഞ്ഞു.
◾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പോലീസിലെ ഒരു വിഭാഗത്തെ ക്രിമിനല്‍വത്ക്കരിക്കുന്നുവെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിനൊപ്പം നിന്ന് അദ്ദേഹം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും എം.എല്‍.എ ആരോപണം ഉന്നയിച്ചു. ഈ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെയുണ്ടാകുന്ന കള്ള ആരോപണങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും സര്‍ക്കാരിന്റെ ആളാണെന്ന് പറയുന്ന രീതിയില്‍ നില്‍ക്കുന്ന ആട്ടിന്‍തോലിട്ടചെന്നായയാണ് അദ്ദേഹമെന്നും അന്‍വര്‍ ആരോപിച്ചു. തന്നെ വിശ്വസിപ്പിച്ച് കാര്യങ്ങള്‍ എല്‍പ്പിച്ച അതേ സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങിനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്നതില്‍ റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് വാങ്ങിയവ്യക്തിയാണ് അദ്ദേഹമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
◾ മലപ്പുറം എസ്പി എസ്.ശശിധരന്റെ ക്യാമ്പ് ഓഫീസിന് മുന്നില്‍ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
◾ ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന പിവി അന്‍വറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയര്‍ത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമാണ് രണ്ടര വര്‍ഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും രേഖകളിലുണ്ട്.
◾ മലപ്പുറം എസ് പി എസ് ശശിധരനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടുകള്‍. അന്‍വറിന്റെ പ്രതിഷേധം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്.
◾ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതിരുന്ന ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.
◾ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വിവിധ ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
◾ കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. പതിനൊന്ന് മണിയോടെയാണ് ഡാം തുറന്നു ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കിതുടങ്ങിയത്. ചാലക്കുടി പുഴയില്‍ പരമാവധി 1.50 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
◾ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി മാറിപ്പോകരുതെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന പേജ് എവിടെയെന്നും, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
◾ സംസ്ഥാനത്ത് പോക്സാ ഇരകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നല്‍കേണ്ട ധനസഹായ വിതരണം പ്രതിസന്ധിയില്‍. ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ലഭ്യമാക്കേണ്ട തുകയ്ക്കായി രണ്ട് വര്‍ഷമായി കാത്തിരിക്കുന്നവര്‍ വരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയവര്‍ക്ക് കിട്ടിയ മറുപടി.
◾ കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കി സഹകരണ വകുപ്പ്. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
◾ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളില്‍ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.
◾ മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം. മലമ്പുഴ ഉദ്യാന കവാടത്തിന് മുന്നിലാണ് സ്ത്രീ തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സമരം തുടര്‍ന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് 60 കഴിഞ്ഞ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതായി മലമ്പുഴ ഇറിഗേഷന്‍ അധികൃതര്‍ നോട്ടീസ് പതിച്ചത്.
◾ സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജിവെച്ചു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയെയും സിപിഎമ്മിനെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നും ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എം. മുകേഷ് എം.എല്‍.എരാജി വയ്ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
◾ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎല്‍എ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങി. എംഎല്‍എ ബോര്‍ഡ് ഒഴിവാക്കിയ കാറില്‍ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് രാവിലെ ഏഴരയോടെ എംഎല്‍എ യാത്ര തിരിച്ചത്.
◾ നടന്‍ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് മറ്റൊരു നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
◾ മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടി സുപര്‍ണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് വ്യക്തമാക്കി.
◾ മലയാളം സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ ജോസഫ് എം പുതുശ്ശേരി പരാതി നല്‍കി. എന്നാല്‍ ജോസഫ് എം പുതുശ്ശേരിയുടെ പരാതി സ്വീകരിക്കാതെ പൊലീസ് മടക്കി.
◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്. വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്. രമേശ് നാരായണന്റെ സംഗീതത്തില്‍ റഫീഖ് അഹമ്മദാണ് ഈ ഗാനം രചിച്ചത്.
◾ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി. കടല്‍സമ്പത്ത് പൂര്‍ണ്ണമായും നശിപ്പിക്കുന്ന നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് മത്സ്യബന്ധനം തടയുക, രാത്രിയില്‍ പ്രത്യേക ലൈറ്റ് ഉപയോഗിച്ചുളള മത്സ്യബന്ധനം തടയുക, മണ്ണെണ്ണ സബ്‌സിഡി പുനസ്ഥാപിക്കുക, വര്‍ദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധിയും ലൈസന്‍സ് ഫീസും പിന്‍വലിക്കുക, കടലിലും കരയിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്തത്.
◾ മലപ്പുറം നാടുകാണി ചുരത്തില്‍ ചത്ത കന്നുകാലികളുടെ ജഡം തള്ളി. വഴിക്കടവ് ആനമറി നാടുകാണി ചുരത്തില്‍ ഒന്നാം വളവിന് താഴെയാണ് രണ്ട് ചത്തപോത്തുകളെ തള്ളിയ നിലയില്‍ കണ്ടെത്തിയത്. എടക്കര കാലിചന്തയില്‍ കാലികളെ ഇറക്കി പോവുന്ന ലോറിയില്‍ നിന്നാണ് ചുരത്തില്‍ ചത്ത പോത്തുകളെ തള്ളിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
◾ ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെണ്‍കുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
◾ ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു.
◾ ആന്ധ്ര പ്രദേശിലെ കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളേജില്‍ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തി. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. പണം വാങ്ങി ഈ വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ വിതരണം ചെയ്തെന്നും പൊലീസ് പറഞ്ഞു.
◾ സ്വവര്‍ഗാനുരാഗികള്‍ക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധമുളള വ്യക്തിയെ നോമിനിയാക്കാനും വിലക്കില്ല. കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
◾ ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ഇന്ന് ബി ജെ പിയില്‍ ചേരും. റാഞ്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറന്‍ പാര്‍ട്ടി അംഗത്വം എടുക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചമ്പായ് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ തീരുമാനിച്ചു എന്നാണ് സോറന്‍ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്.
◾ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്ഥാന്‍. യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണമയച്ചുവെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Post a Comment