കോഴിക്കോട്:തുടക്കംമുതൽ വിവാദങ്ങളുടെ വഴിയിൽ കുതിച്ച നവകേരളബസ് കോഴിക്കോട്ട് കട്ടപ്പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്കായി വിനിയോഗിച്ച ആഡംബരബസാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. കോഴിക്കോട് റീജണൽ വർക്‌ഷോപ്പിൽ കിടക്കുന്നത്.
നവകേരളയാത്രയ്ക്കുശേഷംകോഴിക്കോട് -ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സർവീസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ പൊടിപിടിച്ചുകിടക്കുന്നത്. സർവീസ് നിർത്തി ജൂലായ് 21-നാണ് ബസ് റീജണൽ വർക്‌ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട്ടുനിന്നാണ് സർവീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെടുക്കുന്നത് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ആസ്ഥാനത്തുനിന്നാണ്. കോടികൾ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയർത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായാണ് ബസ് വർക്‌ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.
എന്നാൽ, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. അതിനാൽത്തന്നെ മൂലയിൽ നിർത്തിയിട്ടിരിക്കുകയാണ്.
നവകേരളയാത്ര കഴിഞ്ഞ് ഡിസംബർ 23 മുതൽ മറ്റു സർവീസുകൾക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമർശനം ശക്തമായതോടെ മേയ് അഞ്ചുമുതൽ കോഴിക്കോട് ബെംഗളൂരുറൂട്ടിൽ ഗരുഡപ്രീമിയം സർവീസായി ഓടിക്കുകയായിരുന്നു. ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോർച്ചയുണ്ടായി. യാത്രക്കാർ ഇല്ലാതെയും ഒട്ടേറെത്തവണ സർവീസ് മുടങ്ങി.
ആദ്യദിനങ്ങളിൽ ബസിൽ ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭത്തിലും മാത്രമാണ് മുഴുവൻ സീറ്റുകളിലും ആളുണ്ടായിരുന്നത്.പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസ്, ഒറ്റയാത്രക്കാരുമില്ലാതെ നിർത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇത് വാർത്തയായതോടെ യാത്രക്കാരില്ലെങ്കിലും ബസ് ഓടണമെന്ന് തിരുവനന്തപുരത്തുനിന്ന് ഇ.ഡി. ഓപ്പറേഷൻ വിഭാഗം കർശന നിർദേശം നൽകി.
അതിനിടെയാണ് വർക്‌ഷോപ്പിലേക്ക് മാറ്റിയത്. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡിൽ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർക്കോ വർക്‌ഷോപ്പ് അധികൃതർക്കോ അറിയില്ല. പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു.
Post a Comment