Aug 10, 2024

വിലങ്ങാടിന് പിന്തുണയുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് എൻ.എസ്.എസ് യൂണിറ്റുകൾ


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് കനത്ത നാശനഷ്ടം നേരിട്ട വിലങ്ങാട് - മഞ്ഞക്കുന്ന് മേഖലയിൽ ജീവൻ ഒഴികെ സർവ്വതും നഷ്ടമായവർക്ക് അവശ്യ വസ്തുക്കൾ നേരിട്ട് എത്തിച്ചു നൽകി.


വീട്ടുപകരണങ്ങൾ,വസ്ത്രങ്ങൾ,പാക്കറ്റ് ഭക്ഷണസാധനങ്ങൾ,അരി,പലവ്യഞ്ജനങ്ങൾ,പാത്രങ്ങൾ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,താല്ക്കാലിക ഷെഡ് നിർമ്മിക്കുവാനുള്ള ഉപകരണങ്ങൾ,സാനിറ്ററി വസ്തുക്കൾ,അണുനാശിനികൾ ഉൾപ്പടെയുള്ള സാധന - സാമഗ്രികളാണ് എത്തിച്ചു നൽകിയത്.

ഉരുൾപൊട്ടലിൻ്റെ തീവ്രത നേരിട്ട പ്രദേശമായ മഞ്ഞക്കുന്ന് - വിലങ്ങാട് മേഖലയിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി അൽഫോൻസ ചർച്ചിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെൻ്ററിലെ ഫാ.ടിൻസ് മറ്റപ്പള്ളിൽ സമാഹരണം ഏറ്റുവാങ്ങി.

സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളും,അദ്ധ്യാപകരും,മുൻ പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ എന്നിവർ ചേർന്ന് മഞ്ഞക്കുന്ന് - വിലങ്ങാട് മേഖലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,എൻ.എസ്.എസ് കോർഡിനേറ്റർ അഖിൽ ടോം മാത്യു,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ നേതൃത്വം നൽകി.

വിലങ്ങാട് ഒരു മരണം സംഭവിക്കുകയും,ഇരുപത്താറോളം വീടുകൾ ഒലിച്ചു പോകുകയും,എഴുപതോളം വീടുകൾ വാസയോഗ്യമല്ലാതായി.നാനൂറോളം ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു.അനേകം വീടുകൾ ഇനിയും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.വീടുകൾ,കാർഷിക വിളകൾ,വാഹനങ്ങൾ എല്ലാം തകർന്ന് തരിപ്പണമായി വേദനിക്കുന്ന കാഴ്ച്ചകളാണ് എങ്ങുമുള്ളത്.വിലങ്ങാട് മേഖലയിലേക്ക് സർക്കാരിൻ്റെ സവിശേഷമായ ശ്രദ്ധ ആവശ്യമാണ്.ഒപ്പം വിവിധ സംഘടനകളുടെയും,പ്രവാസി പ്രസ്ഥാനങ്ങളുടെയും,സുമനസ്സുകളുടെയും മറ്റും സഹായങ്ങൾ വീടു നഷ്ടപ്പെട്ടവർക്ക് ആവശ്യമാണ്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് അവശ്യവസ്തുക്കൾ നൽകിയ സ്കൂളിലെ വിദ്യാർത്ഥികൾ,മാതാപിതാക്കൾ അദ്ധ്യാപക - അനദ്ധ്യാപകർ,കോടഞ്ചേരി പ്രദേശത്തെ വ്യാപാരികൾ തുടങ്ങിയവരെ സ്കൂൾ മാനേജ്മെൻ്റ്,പി.ടി.എ പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only