കൽപറ്റ : ഉരുൾപൊട്ടൽ മേഖലയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക തിരച്ചിലിൽ കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സർക്കാർ മാർഗനിർദേശ പ്രകാരം എച്ച്എംഎൽ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.
കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനം നടത്താനെത്തിയ വിദഗ്ധ സംഘത്തോടൊപ്പം മന്ത്രിയും ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു. വിവിധ മേഖലകളിലായി സംഘം നടത്തുന്ന പഠന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടു കണ്ട് വിലയിരുത്തി.
Post a Comment