Aug 28, 2024

മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് അന്വേഷണം.


തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നല്‍കി. പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുക.


സുരേഷ് ഗോപി സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിയ്ക്ക് തൃശൂര്‍ സിറ്റി എസിപി ഓഫിസില്‍ ഹാജരാകാന്‍ അനില്‍ അക്കരയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സുരേഷ് ഗോപി തട്ടിക്കയറുകയും മാധ്യമപ്രവര്‍ത്തകന്റെ നെഞ്ചില്‍ പിടിച്ച് തള്ളുകയുമായിരുന്നു.

സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അനില്‍ അക്കര ആരോപിച്ചു. ഭരണഘടനാ അവകാശങ്ങളുടെ തന്നെ ലംഘനമാണത്. നാളെ പൊലീസ് തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നും അനില്‍ അക്കര ട്വന്റിഫോറിനോട് പറഞ്ഞു. മുകേഷ് രാജിവയ്ക്കണമോ എന്ന ചോദ്യമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചിരുന്നത്. എന്റെ വഴി എന്റെ അവകാശമാണെന്ന് പറഞ്ഞ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ ബലമായി തള്ളി വാഹനത്തിലേക്ക് കയറുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only