മുക്കം : നമ്മുടെ നാടിന് മതേതരത്വം നിറഞ്ഞിരുന്ന നല്ലൊരു കാലമുണ്ടായിരുന്നു. ജാതിമത ചിന്തയില്ലാതെ ഒന്നിച്ചിരുന്ന് കിസ്സകൾ പറഞ്ഞിരുന്ന ഒരു കാലം. ആ കാലം തിരിച്ചുവരണമെന്ന് എഴുത്തുകാരി ആമിന പാറക്കൽ അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ആമിന പാറക്കലിന്റെ 'കോന്തല കിസ്സകൾ' എന്ന പുസ്തകത്തിനെ കുറിച്ചുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് അവർ ആ പഴയകാലത്തെ ഓർമ്മച്ചെടുത്തത്. തൻ്റെ രോഗാതുരമായ ഒരു അവസ്ഥയെ അതിജീവിക്കാനായി ആമിന എഴുതിക്കൂട്ടിയ ഓർമ്മക്കുറിപ്പുകളാണ് കോന്തല കിസ്സകൾ എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കക്കാട്,കാരശ്ശേരി, മുക്കം ഗ്രാമങ്ങളുടെ ചരിത്രമാണ് തൻ്റെ ഓർമ്മകളിലൂടെ ആമിന രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ എഴുപതാം വയസ്സിൽ പുറംലോകം വായിച്ച അക്ഷരക്കൂട്ടുകൾ അഞ്ചു ദിവസം കൊണ്ടാണ് ആദ്യപതിപ്പ് വിറ്റഴിഞ്ഞത്.
പരിപാടിയിൽ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ആമിന പാറക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബഹുസ്വരം ചെയർമാൻ സലാം കാരംമൂല അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി ഉമശ്രീ കിഴക്കുമ്പാട്ട് സ്വാഗതം അറിയിച്ചു. ഡോക്ടർ മനോജ് ചർച്ച ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നിസാം കാരശ്ശേരി പുസ്തകപരിചയം നടത്തി. ബന്ന ചേന്നമംഗല്ലൂർ, കെ.വി നസീറ, എം. ടി അഷ്റഫ്, ഡോക്ടർ മുജീബ്, ജി. അബ്ദുൾ അക്ബർ, ഹനാ മുഹമ്മദ്, സാദിഖ് മാസ്റ്റർ.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബഹുസ്വരം ജോയിൻ്റ് സെക്രട്ടറി വി. നിസാർ മാസ്റ്റർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
ധ്രുവൻ മാമ്പറ്റ, എൻ. അഹമ്മദ് കുട്ടി, എൻ.അബ്ദുൾസത്താർ, മുസ്തഫ താവളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment