Aug 30, 2024

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹം കഴിക്കാം! വിവാഹ രജിസ്ട്രേഷനിൽ നിയമ ഭേദഗതിക്ക് നിർദ്ദേശം നൽകി മന്ത്രി


ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയും വിധം നിയമ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇനി ആവശ്യക്കാർക്ക് വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ചട്ട ഭേദഗതി കൊണ്ടുവരാൻ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകുകയായിരുന്നു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി. കെ ശ്രീകുമാർ നൽകിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്ട്രർ ചെയ്യാൻ അനുമതി തേടിയായിരുന്നു പരാതി. 2019 ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും, അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ ദമ്പതികൾക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ സൗകര്യമൊരുങ്ങി. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല.  പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാർട്ട് വിന്യസിക്കുമ്പോൾ വീഡിയോ കെ വൈ സി വഴി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.  പഞ്ചായത്തിലെ നിരവധി പേരുടെ ആവശ്യ പ്രകാരമാണ് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാർ വി കെ ശ്രീകുമാറും അദാലത്തിലെത്തിയത്. പഞ്ചായത്തുകളിലും വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാമെന്ന ഉത്തരവ് അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന നിരവധി പേർക്ക് പ്രയോജനപ്പെടും. പതിനായിരക്കണക്കിന് പേർക്ക് സഹായകമാവുന്ന ഉത്തരവിന് ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.  



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only