കൊച്ചി: വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രവര്‍ത്തകരെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. രണ്ടു മലയാളിജീവനക്കാര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടീസ് നല്‍കി.
ശനിയാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കൊച്ചി കപ്പല്‍ശാല വെല്‍ഡര്‍ കം ഫിറ്ററും ബിഎംഎസ് പ്രവര്‍ത്തകനുമായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേക് ശോഭനനും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിക്കും നോട്ടീസ് നല്‍കിയത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റില്‍നിന്നെത്തിയ അന്വേഷകസംഘം ഇരുവരെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
കേസില്‍ കേരളത്തിനുപുറമെ ഗുജറാത്ത്, കര്‍ണാടകം, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. 22 ഫോണുകളും നിരവധി സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍വിവരങ്ങളും രേഖകളും എന്‍ഐഎ പരിശോധിക്കുകയാണ്.വിശാഖപട്ടണം കേസില്‍ അറസ്റ്റിലായ ആന്ധ്ര സ്വദേശി ദീപക്കിന് സിംകാര്‍ഡ് എടുക്കാന്‍ സഹായിച്ച അസംകാരനുമായുള്ള അടുപ്പമാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം. അസം സ്വദേശിയുമായി ഇരുവര്‍ക്കും അടുത്തബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്.ബുധനാഴ്ച്ച രാവിലെമുതല്‍ ഉച്ചവരെ കൊച്ചി കപ്പല്‍ശാലയിലും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരസംഘത്തിന് വിശാഖപട്ടണം കപ്പല്‍ശാലയിലെ സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. 2021ല്‍ ആന്ധ്രയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഏറ്റെടുത്ത എന്‍ഐഎ ഹൈദരാബാദ് യൂണിറ്റ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്താനില്‍ നിന്ന് പണം വാങ്ങി ഇന്ത്യന്‍ നാവിക സേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്. പാകിസ്താന്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ ഗൂഡാലോചനയുടെ ഭാഗമായാണ് ചോര്‍ത്തല്‍. കേസില്‍ 2023 ജൂലൈ 19ന് രണ്ടുപേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാക് പൗരനായ ബലാജ് ഖാന്‍, ആകാശ് സോളങ്കി എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഇതില്‍ ബലാജ് ഖാന്‍ ഒളിവിലാണ്. സോളങ്കിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
2023 നവംബറിലും 2024 മെയിലും കേസില്‍ എന്‍ഐഎ അധിക കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. സംഘപരിവാര പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വലിയ ഒരു ശൃംഖല തന്നെ വിവര ചോരണത്തില്‍ പങ്കാളികളായതായാണ് കരുതുന്നത്.
Post a Comment