Aug 5, 2024

കേരള പൊലീസാണോ, ഗൾഫ് പൊലീസാണോ മികച്ചത് എന്നറിയാനൊരു പരീക്ഷണം; എടിഎമ്മില്‍ മോഷണശ്രമം, യുവാവ് അറസ്റ്റിൽ


കൊച്ചി: കേരളാ പൊലീസിന്റെ മികവ് പരിശോധിക്കാനിറങ്ങിയ 22-കാരന് കിട്ടിയത് അസൽ പണി. ഗൾഫ് പോലീസാണോ കേരള പൊലീസാണോ മികച്ചത് എന്നായിരുന്നു മൊഗ്രാൽ കൊപ്പളത്തെ എ എം മൂസഫഹദിന് അറിയേണ്ടിയിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല, മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തന്നെ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം ആരംഭിച്ചു. ജൂലൈ 31-നായിരുന്നു സംഭവം നടന്നത്.


മോഷണം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ശബ്ദം കേട്ട മൂസഫഹദ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടോടി. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി മൂസഫഹദിന്റെ ശ്രമം പതിഞ്ഞതോടെ പെലീസിന്റെ നിരീക്ഷണം പ്രതിയിലേക്കായി. തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നാല് വർഷമായി ഗൾഫിലായിരുന്ന പ്രതി, നാട്ടിൽ വന്നതിന് ശേഷം ജോലിയൊന്നുമില്ലാതെ കറങ്ങി നടക്കുകയായിരുന്നുവെന്നും റോബിൻഹുഡ് സിനിമകളുടെ ആരാധകനായ യുവാവിന്റെ ലക്ഷ്യം പൊലീസിന്റെ മികവ് പരിശോധിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനായി സ്വന്തം നാട്ടിലുള്ള എടിഎം തന്നെ പ്രതി തിരഞ്ഞെടുത്തു.

അറസ്റ്റ് ചെയ്യുമ്പോൾ യുവാവിന്റെ കൈയിൽ കത്തിയുണ്ടായിരുന്നു. മോഷണ ശ്രമത്തിന് ഉപയോഗിച്ച മുട്ടി, സ്‌ക്രൂ ഡ്രൈവർ എന്നിവയും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിനൊപ്പം സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, മനോജ്, മനു, സുഭാഷ്, പ്രമോദ്, ചന്ദ്രൻ, ഗോകുൽ എന്നിവരുമുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only