Sep 15, 2024

ഓട്ടോറിക്ഷകള്‍ക്ക് 4 തരം പെര്‍മിറ്റ്, നിറവും മാറും, സി.ഐ.ടി.യു എതിര്‍പ്പ് മാറി


തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സാധാരണയുള്ളതിനു പുറമെ, സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്‌ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകള്‍ നല്‍കുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയില്‍. ഓരോ പെർമിറ്റിനും വെവ്വേറെ നിറം നല്‍കും. അടുത്ത ട്രാൻസ്പോ‌ട്ട് അതോറിട്ടി യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമാകും.


സ്റ്റേറ്റ് പെർമിറ്റ് നല്‍കുന്നതിനെ എതിർത്ത സി.ഐ.ടി.യു സംസ്ഥാന നേതൃത്വം എതിർപ്പില്‍ നിന്നു പിൻവാങ്ങിയിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതില്‍ അവർ മന്ത്രി ഗണേശ്‌കുമാറുമായി നടത്തിയ ചർച്ചയില്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ കൂടി പരിഗണിച്ചിരുന്നു.


സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുതെന്നതായിരുന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ്‌ മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു)ആവശ്യങ്ങളിലൊന്ന്. സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നല്‍കണം. സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട്‌ ചേർന്നുള്ള ജില്ലയില്‍ പൂർണമായി സഞ്ചരിക്കാൻ അനുമതി നല്‍കണം. നിലവില്‍ അയല്‍ ജില്ലയില്‍ 20 കിലോമീറ്റർ മാത്രമേ ഓടാൻ അനുമതിയുള്ളൂ. പെർമിറ്റ് ലഭിച്ച വാഹനങ്ങള്‍ മറ്റ് സ്റ്റാൻഡില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്ക് ചെയ്യുന്നതും തടയണം. സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ സിറ്റിയില്‍ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതിന് അനുവദിക്കരുത്. അപകടത്തിന്റെ ഉത്തരവാദിത്തം ഡ്രൈവർക്ക് മാത്രമാണ് എന്ന എസ്.ടി.എ പുതിയ തീരുമാനം പിൻവലിക്കണം എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍.

പെർമിറ്റിലെ മാറ്റം: നിലവിലെ ധാരണ

1. സ്റ്റേറ്റ് - സംസ്ഥാനത്തെവിടെയും സർവീസ് നടത്താം- കൂടുതല്‍ നികുതി നല്‍കണം

2. ഇന്റർ ഡിസ്ട്രിക്‌ട് - സമീപ ജില്ലകളിലേക്ക് സർവീസ് നടത്താം- നാമമാത്ര നികുതി വർദ്ധന പരിഗണനയില്‍

3. സിറ്റി - നഗരത്തിനുള്ളില്‍ നിന്ന് ഓട്ടം സ്വീകരിക്കാം- നിലവിലെ നികുതി

4. സാധാരണ- നഗരത്തിനുള്ളില്‍ നിന്ന് ഓട്ടമെടുക്കാൻ പാടില്ല- നിലവിലെ നികുതി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only