ന്യൂഡല്‍ഹി: പോർബന്തർ തീരത്ത് അറബിക്കടലില്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയുണ്ടായ അപകടത്തിൽ മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ടു പേർക്ക് വീരമൃത്യു.
ആലപ്പുഴ മാവേലിക്കര പാറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39), കരൺസിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
തീരസംരക്ഷണസേനയിൽ സീനിയർ ഡെപ്യൂട്ടി കമാൻഡന്‍റ് ആയിരുന്നു വിപിൻ ബാബു.
വിപിൻ ബാബുവിന്‍റെ ഭൗതികശരീരം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിക്കും.
ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.
അതേസമയം, സഹപൈലറ്റിനായുള്ള തിരച്ചിൽ കടലിൽ പുരോഗമിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തീരസംരക്ഷണസേനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
നാലു കപ്പലുകളും രണ്ടു വിമാനങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കടലിലാണ് നിയന്ത്രണം നഷ്ടപ്പെട്ട തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.
രണ്ട് പൈലറ്റുമാർ അടക്കം നാലു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പൈലറ്റുമാർ അടക്കം മൂന്നു പേരെയാണ് കാണാതായത്.
പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള എണ്ണ ടാങ്കറായ എം.ടി ഹരിലീലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കപ്പലിലെ ഗുരുതര പരിക്കേറ്റ ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനായിരുന്നു തീരസംരക്ഷണസേനയുടെ ദൗത്യം.
ഗുജറാത്തിവും അയൽ സംസ്ഥാനങ്ങളിലും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അടുത്തിടെ ഗുജറാത്തിലുണ്ടായ ചുഴലിക്കാറ്റിൽ 67 പേരെ രക്ഷപ്പെടുത്തിയത് ഈ ഹെലികോപ്റ്ററിലാണ്.
ചിത്രം.1. മരിച്ച വിപിൻ ബാബു 2. തീരസംരക്ഷണസേന ഹെലികോപ്റ്റർ
Post a Comment