Sep 24, 2024

ബലാത്സംഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാലാണ് വൈദ്യ പരിശോധനക്ക് ശേഷം വിട്ടയച്ചത്.


കൊച്ചി: ബലാത്സംഗക്കേസിൽ നടനും എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയച്ചത്.മൂന്നു മണിക്കൂർ നീണ്ട ​ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.


ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി നടിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തു വന്നത്. ഈ വെളിപ്പെടുത്തലുകളുടെ പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പൊലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only