കൊച്ചി: എംഎൽഎ പി വി അൻവർ നടത്തിയ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഒരു ചിരി മാത്രം മറുപടിയാക്കി മുഖ്യമന്ത്രി. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരി മാത്രമായി ഒതുക്കുകയായിരുന്നു മുഖ്യമന്ത്രി. എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ നടത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ ചിരിയിൽ ഒതുക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത്കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു.
എസ്പിയുമായുള്ള ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അഥ് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുകയാണ്. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാൽ ഇരുവരും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു.
Post a Comment