Sep 18, 2024

തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി


തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തന്‍റെ തട്ടകത്തിലെ ദേശങ്ങളില്‍ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി മടവിട്ടിറങ്ങിയത്. വൈകുന്നേരം 5 മണിക്കാണ് ഫ്ലാഗ് ഓഫ്. അരമണി കുലുക്കി, അസുരതാളത്തോടെയാണ് പുലികൾ നിരത്തിൽ ചുവടുവെക്കുന്നത്. അകമ്പടിയായി മേളക്കാരുമുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂർ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ട് എന്നതാണ്. കൂട്ടത്തിൽ കുഞ്ഞിപ്പുലികളും പെൺപുലികളുമുണ്ട്. പൂരം കഴിഞ്ഞാൽ തൃശ്ശൂരുകാർ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒന്നാണ് പുലികളി.

ഇന്ന് രാവിലെ മുതൽ പുലിമടകളിൽ ചായമെഴുത്ത് തുടങ്ങിയിരുന്നു. ചമയമരക്കൽ ഇന്നലെ തന്നെ തുടങ്ങി. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വർണങ്ങളിലുള്ള പുലികളുണ്ട്. പാട്ടുരായ്ക്കൽ ദേശമായിരിക്കും ആദ്യം പ്രവേശിക്കുക. അതോട് കൂടിയാണ് ഫ്ലാഗ് ഓഫ്. പിന്നാലെ ഓരോ സംഘവും സ്വരാജ് റൗണ്ടിലിറങ്ങും.
സ്വരാജ് ഗ്രൗണ്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടടി ഉയരമുള്ള ട്രോഫിയും അറുപത്തിരണ്ടായിരം രൂപയുയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. അമ്പതിനായിരം, നാല്പത്തിമൂവായിരത്തി എഴുനൂറ്റി അമ്പത് എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തിനുള്ള സമ്മാനത്തുക. പുലിക്കൊട്ടിനും വേഷത്തിനും വണ്ടിക്കും അച്ചടക്കത്തിനും പ്രത്യേകമുണ്ട് സമ്മാനം. എട്ടുമണിയോടെ അവസാന പുലിയും റൗണ്ട് വിട്ട് മടങ്ങുന്നതോടെ തൃശൂരിന്‍റെ ഓണത്തിന് കൊടിയിറങ്ങും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only