Oct 9, 2024

സൈബർ തട്ടിപ്പുസംഘങ്ങൾ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്


സൈബർ തട്ടിപ്പുസംഘങ്ങൾ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇത്തരം പുതിയ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക്  ജോലി നൽകുന്നതാണത്രെ ഈ തട്ടിപ്പു സംഘത്തിന്റെ രീതി. തുടർന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. പലയിടങ്ങളിൽ നിന്ന് ട്രാൻസ്ഫർ ആയി ലഭിക്കുന്ന പണമായിരിക്കും ഇത്. തുക ഒരു ലക്ഷം രൂപ കടക്കുമ്പോൾ നിശ്ചിത തുക കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ വലിയ ചതിയാണ് ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക്
ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീ യുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുകയാണ് ചെയ്യുന്നത്.
 
ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്താൻ അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only