തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് ആധുനികസജ്ജീകരണങ്ങളോടെ പണിത വഴിയോരവിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാത്രക്കാർക്ക് ഉപകാരപ്പെടാതെ കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും വിശ്രമകേന്ദ്രത്തിന് വിശ്രമംതന്നെ. ഏതാനും മാസങ്ങൾമാത്രമാണ് കേന്ദ്രം പ്രവർത്തിച്ചത്. ശുചിത്വമിഷൻ ഫണ്ടിൽനിന്ന് 7.78 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്. പഞ്ചായത്തിന്റെ പ്ലാൻഫണ്ട് ഉപയോഗിച്ചാണ് അനുബന്ധപ്രവൃത്തികൾ നടത്തിയത്.
2022 ഓഗസ്റ്റ് 14-ന് അന്നത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രമുൾപ്പെടെ എല്ലാവിധ പ്രാഥമികസൗകര്യവുമുള്ള വിശ്രമകേന്ദ്രമാണ് നാട്ടുകാർക്കോ യാത്രികർക്കോ ഉപകാരപ്പെടാതെ നാശോന്മുഖമായിക്കൊണ്ടിക്കുന്നത്. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് യാർഡായി ഉപയോഗിക്കാൻ ബസ് സ്റ്റാൻഡ് നൽകിയതോടെയാണ് വിശ്രമകേന്ദ്രം പ്രവർത്തനം പ്രതിസന്ധിയിലായത്. പരിസരമാകെ കരാർകമ്പനിയുടെ സാമഗ്രികളായിരുന്നു. ഇവ മാറ്റിയിട്ട് മാസങ്ങളായിട്ടും വിശ്രമകേന്ദ്രം പ്രവർത്തിപ്പിക്കാൻ നടപടിയാകാത്തതിനെതിരേ നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.
വർഷത്തിലേറെയായി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നുമില്ല. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാനറോഡിലാണ് വിശ്രമമന്ദിരമുള്ളത്. സ്ഥിരംയാത്രികർക്ക് പുറമേ, പ്രാഥമികകൃത്യം നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ആയിരക്കണക്കിന് സഞ്ചാരികൾക്ക് ആശ്വാസമാകേണ്ട പദ്ധതിയാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനംകൊണ്ട് നോക്കുകുത്തിയായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷംപ്രവർത്തിച്ചത് നാലുമാസംമാത്രംവൈകാതെ തുറക്കാൻകഴിയുംമലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കരാർകമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് യാർഡായി ഉപയോഗിക്കാൻ കൂമ്പാറ ബസ് സ്റ്റാൻഡ് അനുവദിച്ചതുമൂലമാണ് വഴിയോരവിശ്രമന്ദിരം പ്രവർത്തിപ്പിക്കാൻ സാധിക്കാതെവന്നത്. നാലുമാസം പ്രവർത്തിച്ചെങ്കിലും ജനങ്ങൾ ഇത് ഉപയോഗപ്പെടുത്താൻ കാര്യമായി മുന്നോട്ടുവന്നില്ല. മഴമാറിയാലുടൻ പരിസരം റീടാർ ചെയ്യുന്നതോടെ വിശ്രമമന്ദിരം തുറന്നുപ്രവർത്തിപ്പിക്കാനാകുമെന്ന് കൂടുതൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പറഞ്ഞു
Post a Comment