സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ മുക്കത്ത് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 7.25 കോടി രൂപയ്ക്ക് കേരള പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി.മുക്കം -അരീക്കോട് റോഡിൽ നിലവിലുള്ള മുക്കം പാലം അൻപത് വർഷത്തിലേറെ പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലുമുള്ളതാണ്. മാത്രവുമല്ല മുക്കം ടൌൺ പരിഷ്കരണം, സംസ്ഥാന പാത നവീകരണം എന്നിവ കഴിഞ്ഞതോടെ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതി 15 മീറ്ററിലേറെ വർധിച്ചു. നിലവിൽ 6.7 മീറ്റർ വീതിയുള്ള പാലത്തിൽ ഇതുകൊണ്ട് തന്നെ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി. മാത്രവുമല്ല കാൽനട യാത്രികർക്ക് നടക്കാൻ വഴിയില്ലാത്തത് വലിയ വിഷമതകളും ഉണ്ടാക്കി.ഈ സാഹചര്യത്തിലാണ് 2022-23 സംസ്ഥാന ബജറ്റിൽ മുക്കത്ത് പുതിയ പാലം നിർമ്മിക്കുന്നതിന് 8 കോടി രൂപ വകയിരുത്തിയത്. ഇൻവെസ്റ്റിഗഷൻ, ഡിസൈനിങ്, DPR എന്നിവ പൂർത്തിയാക്കിയ പദ്ധതിക്കാണ് ഇപ്പോൾ 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.നിലവിലുള്ള പാലം പൊളിക്കാതെ തന്നെ പുതിയ പാലം ഒരു വശത്ത് നിർമ്മിക്കുകയാണ് ചെയ്യുന്നത്. പുതിയ പാലത്തിന് 3 സ്പാനുകളിലായി 78 മീറ്റർ നീളമുണ്ടാകും.7.5 മീറ്റർ കാര്യേജ് വേ ആയും 1.5 മീറ്റർ ഫുട്പ്പാത്തും ഉണ്ടാകും. കൂടാതെ പാലത്തിന് 2 അബട്മെന്റും 2 പിയറും ഉണ്ടാകും. പുതിയപാലത്തിനു സ്ഥലമെടുപ്പ് ആവശ്യമായി വരില്ല. സംസ്ഥാന പാതയുടെയും മുക്കം ടൗണിന്റെയും മാറിയ മുഖത്തിനനുസരിച്ച പാലമാണ് യാഥാർഥ്യമാകുന്നത്. സാങ്കേതികഅനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
സ്നേഹപൂർവ്വം
ലിന്റോ ജോസഫ് MLA.
Post a Comment