കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് - നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ സംയുക്തമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ അറിയിച്ചു കൊണ്ട് കോടഞ്ചേരി അങ്ങാടിയിലൂടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് റാലി ഉദ്ഘാടനം ചെയ്തു.
വ്യക്തിയെയും,കുടുംബത്തെയും,സമൂഹത്തെയും തകർച്ചയിലേക്ക് അതിവേഗം നയിക്കുന്ന രാസ ലഹരിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് വിതരണം(' *Say No To Drugs* '), ടാബ്ളൊ അവതരണം എന്നിവ നടത്തി ജനങ്ങളെ ബോധവത്ക്കരിച്ചു.
മയക്കുമരുന്നിൻ്റെ വിപണനവും ഉപയോഗവും തടയുന്നതിന് സംസ്ഥാന പോലീസ് വകുപ്പ് യോദ്ധാവ് - 9995966666 എന്ന വാട്സാപ്പ് നമ്പറിലൂടെ സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതിയെക്കുറിച്ചും പ്രചാരണം നടത്തി.യുവതലമുറയുടെ ശാരീരിക - മാനസീക ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ പൊതു ജനങ്ങളുടെ പിന്തുണ ആവശ്യമാണ്.ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവും അത്യാവശ്യം.
'കാര്യങ്ങൾ വ്യക്തം പ്രതിരോധത്തിൽ ഊന്നുക' എന്നാണ് 2024 ലെ ലഹരി വിരുദ്ധ സന്ദേശം.2022 ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം ലോകത്താകമാനം ലഹരിയുടെ ഉപയോഗവും കടത്തും കഴിഞ്ഞ പത്തു വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർദ്ധിച്ചു.ശരീരത്തിലേക്ക് മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതിനാൽ പുതുതായി ഹെപ്പറ്റൈറ്റസ് രോഗവും,എയ്ഡ്സ് രോഗവും 14 ലക്ഷം പേർക്ക് ബാധിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെയും കൊന്നുകളയാനുള്ള ശേഷി ലഹരിക്കുണ്ട്.ഈ യാഥാർത്ഥ്യം മനസ്സിലാക്കി ലഹരിയെ പൂർണ്ണമായും ജീവിതത്തിൽ നിന്ന് തുരത്തിയോടിക്കേണ്ടത് അവശ്യമാണ്.ഇവയുടെ വിപണനം,കൈവശം വെക്കൽ,ഉപയോഗം എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.ജീവിതമാണ് ലഹരി എന്ന സന്ദേശം സമൂഹത്തിൽ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി.
സ്കൗട്ട്സ് & ഗൈഡ്സ് എൻ.എസ്.എസ് ലീഡേഴ്സായ ചന്ദ്രു പ്രഭു,അൻസ മോൾ മാത്യു,ഡോൺ ജിൻസൺ,നിയ സിബി,അലൻ ഷിജോ,അനഘ എ എസ്,അനാമിക എ എസ്,ബെനിൽ മനേഷ്,ജിയ മരിയ ജെയ്സൺ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment