കൊച്ചി: കേരളത്തിലെ സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായ ആദ്യ സീപ്ലെയിൻ കൊച്ചി കായലിൽ ഇറങ്ങി. വിജയവാഡയിൽ നിന്നെത്തിയ വിമാനമാണ് കൊച്ചി കായലിൽ ഇറങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനമാണിത്. ഔദ്യോഗിക പരീക്ഷണപ്പറക്കൽ നാളെ നടക്കും.ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയർക്രാഫ്റ്റ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) ആണ് കൊച്ചിയിലെത്തിയത്. ആന്ധ്രപ്രദേശിൽ നിന്ന് മൈസൂരിലെത്തിയ ശേഷം ഇന്ന് ഉച്ചക്ക് 12.55ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷം 2.30നാണ് വിമാനം കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തത്. തുടർന്ന് മറീനയിൽ പാർക്ക് ചെയ്തു.
നാളെ രാവിലെ 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീപ്ലെയിൻ ഫ്ലാഗ്ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വിമാനം ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ നിന്ന് അര മണിക്കൂറിനു ശേഷം പുറപ്പെടുന്ന വിമാനം 12ന് നെടുമ്പാശ്ശേരിയിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.
മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാപരിശോധന പൂർത്തിയായി. രണ്ട് മീറ്റർ ആഴം മാത്രമാണ് സീപ്ലെയിൻ ഇറങ്ങുന്നതിന് ആവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്‍റെ ആഴം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നു എന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
Post a Comment