Dec 11, 2024

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും


ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില കൂടും.ഉൽപാദന ചെലവും പ്രവർത്തന ചെലവും ഉയർന്നതിനാലാണ് വിലക്കയറ്റമെന്ന് നിർമാണക്കമ്പനികൾ പറയുന്നു. അതേസമയം, എല്ലാവർഷവും ഡിസംബർ മാസത്തിൽ വിൽപന കൂട്ടാൻ ലക്ഷ്യമിട്ട് കമ്പനികൾ സ്ഥിരമായി ചെയ്യുന്ന തന്ത്രമാണ് വിലക്കയറ്റമെന്നും ആരോപണമുണ്ട്.

വില വർധന ഒറ്റനോട്ടത്തിൽ

(കമ്പനി, മോഡൽ, വർധന എന്ന ക്രമത്തിൽ)

∙ മാരുതി സുസുക്കി – ആൾട്ടോ കെ10 മുതൽ ഇൻവിക്ടോ വരെ 

എല്ലാ മോഡലുകളും – 4%

∙ ടൊയോട്ട– ഇന്നോവ ഹൈക്രോസ് – 36,000 (ഹൈബ്രിഡ്), 

17000 (നോൺ–ഹൈബ്രിഡ്)

∙ ഹ്യുണ്ടായ് മോട്ടർ‌ ഇന്ത്യ – വെർന, ക്രെറ്റ – 25,000 രൂപ

∙ മഹീന്ദ്ര ആൻഡ് മഹീന്ദ്ര – എസ്‍യുവികളും വാണിജ്യ 

ആവശ്യത്തിനുള്ള വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ – 3%

∙ എംജി മോട്ടോഴ്സ് – എല്ലാ മോഡലുകളും – 4%

∙ നിസാൻ – മാഗ്‌നൈറ്റ് – 2%

∙ ബെൻസ് – ജിഎൽസി, മെബാക്ക് എസ് 680 – 3%

∙ ബിഎംഡബ്ല്യു – എല്ലാ മോഡലുകളും – 3%

∙ ഔഡി – എല്ലാ മോഡലുകളും – 3%

വില വർധന:എല്ലാവരും ഒറ്റക്കെട്ട്

ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്രോസിന്റെ വില മാത്രമാണ് ടൊയോട്ട വർധിപ്പിച്ചത്. 36,000 രൂപ വരെ.മഹീന്ദ്ര, എംജി മോട്ടോഴ്‌സ് വാഹനങ്ങളുടെ വില 3% വരെ ഉയരുമെന്നാണ് അറിയിപ്പ്.

മാരുതി സുസുക്കി വാഹനങ്ങളുടെ വില 4% ഉയരും. നിസാൻ മോട്ടർ ഇന്ത്യ മാഗ്‌നൈറ്റിന്റെ വില 2% വരെ വർധിപ്പിക്കും. മറ്റ് കമ്പനികളും വില വർധിപ്പിക്കുമെന്നാണ് വിവരം.

ആഡംബരത്തിനും അധിക ചെലവ്

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി എന്നിവരും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 3% വീതമാണ് വർധിപ്പിക്കുന്നത്.

ചെലവ് കൂടി


നിർമാണ സാമഗ്രികളുടെ വില കൂടിയത് മിക്ക വാഹന നിർമാതാക്കളെയും പ്രതിസന്ധിയിലാക്കിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ബോഡി, എൻജിൻ ഭാഗങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വില കഴിഞ്ഞ വർഷത്തെക്കാൾ 10.6% കൂടി. സിങ്ക്, ടിൻ, ചെമ്പ് തുടങ്ങിയവയുടെ വിലയും വർധിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ ബാധിച്ചത് വിതരണച്ചെലവു കൂട്ടിയതായും കമ്പനികൾ പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only