വടകര :വടകരയിൽ ഒമ്പത് വയസുകാരിയായ ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജിൽ എന്ന ആൾ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും ഇയാൾക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും വടകര റൂറൽ എസ്‌പി പറഞ്ഞു. ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതി ഇപ്പോൾ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അതോടൊപ്പം കാർ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസകരം എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
അന്വേഷണത്തിൻ്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്.
500 വർക് ഷോപ്പുകളും ഇൻഷൂറൻസ് സ്ഥാപനങ്ങളും 50,000 ഫോൺകോളുകളും പരിശോധിക്കുകയും ചെയ്തു. ഇതിന് പുറമെ പരിധിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതായും പോലീസ് ചൂണ്ടിക്കാട്ടി. വെള്ള കാർ എന്നതിനപ്പുറം ഒരു തുമ്പുമില്ലാത്ത കേസിൽ ഇൻഷൂറൻസ് ക്ലെയിമുകൾ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിലൂടെയായിരുന്നു നിർണായക വിവരം കിട്ടിയത്.
Post a Comment