Dec 16, 2024

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു


ലോകപ്രശസ്തനായ തബല വിദ്വാൻ സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു. കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലർത്തിയിരുന്നു. പല തവണ കേരളം സന്ദർശിച്ചു. 2017 ൽ പെരുവനത്ത്‌ എത്തിയ സക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാർ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവർക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു. 1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only