Dec 25, 2024

മലയാളത്തിന്റെ സുകൃതം ഇനി ഓർമ. എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു.


കോഴിക്കോട്: നക്ഷത്രസമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച അതിമഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ.

തലമുറകളുടെ സ്‌നേഹവാത്സല്യങ്ങൾക്കും ആദരവുകൾക്കും നടു​വിൽ പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തെ സുകൃതമായി പരിലസിച്ച ആ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 91 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചിരുന്നു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അദ്ദേഹം തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.

1957ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.

1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി.

പരിചിതമായ ജീവിതയാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തില്ലാണ് കാലാതിവര്‍ത്തിയായ പല നോവലുകളും അദ്ദേഹം എഴുതിയത്. 1958ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്.

തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവനങ്ങളുടെ കഥയും പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി. കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം തുടങ്ങിയ നോവലുകള്‍.

കൂടാതെ വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ കൃതിയായിരുന്നു അത്. അതിനു ശേഷം തൊണ്ണൂറുകളിലാണ് വാരണാസി പുറത്തുവന്നത്.

സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അമ്പതിലേറെ ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിർമാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only