കൊച്ചി: കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിർമിച്ച താത്ക്കാലിക സ്റ്റേജിൽനിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണം സ്റ്റേജ് നിർമാണത്തിലെ ഗുരുതര പിഴവ്. ഉമാ തോമസ് എംഎൽഎ ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ബലം കൊടുത്തത് കൈവരിപോലെ നീളത്തിൽ സ്റ്റീൽ കമ്പികളിൽ കെട്ടിയ റിബ്ബണിലായിരുന്നു. എന്നാൽ ഇതിന് ബലമില്ലാത്തത് കാരണം ബാലൻസ് നഷ്‌ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് പതിച്ചു. കോൺക്രീറ്റ് ഭിത്തിയിൽ തലയിടിച്ച് വീണ ഉമാ തോമസിൻ്റെ മുഖത്ത് മുഴുവൻ രക്തമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
'ബാരിക്കേഡിന് പകരം റിബ്ബണാണ് കെട്ടിയിരുന്നത്. ഞാൻ സ്റ്റേജിൽ ഇരിക്കുമ്പോൾ അവർ കയറി വന്ന് കൈ കാണിച്ചു. എന്നിട്ട് ഇരിക്കാൻ ശ്രമിച്ചപ്പോൾ റിബ്ബണിൽ പിടിക്കുകയായിരുന്നു. പിന്നാലെ താഴേക്ക് വീണു. നല്ല വീഴ്ച്ചയാണ് വീണത്.'-പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി സജി ചെറിയാൻ പറയുന്നു.
18 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആൾ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. 'സ്റ്റേജിൽ കുറച്ച് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അവിടെ കസേരയിട്ടാൽ പിന്നീട് അതിലൂടെ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നു. ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വന്നു. മൂന്നു വരികളായാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. സ്റ്റേജിന് മുകളിൽ സംഗീത പരിപാടിയുമുണ്ടായിരുന്നു. മുകളിൽ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് പോകുകയും റിബ്ബൺ പോലെ കെട്ടിയ 4 വരിയിൽ പിടിക്കുകയുമായിരുന്നു.ദൃക്‌സാക്ഷി പറയുന്നു.
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നിർദേശം. ആരോഗ്യമന്ത്രി വീണാ ജോർജാണ് നിർദ്ദേശം നൽകിയത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം പുറപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടർമാർ എറണാകുളത്തേക്ക് പുറപ്പെട്ടത്. രാത്രി 11 മണിയോടെ ഡോക്ടർമാർ റിനെ മെഡിസിറ്റി ആശുപത്രിയിൽ എത്തും. ഉമ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഉമ തോമസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നുവെന്നും നിലവിൽ അബോധാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Post a Comment