Feb 28, 2025

വെഞ്ഞാറമൂട് കൂട്ടക്കൊല; പിതാവ് അബ്ദുറഹീം പിടഞ്ഞുരുകുന്ന മനസ്സുമായി സൗദിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് പെരുമല സല്‍മാസ് ഹൗസില്‍ അബ്ദുള്‍ റഹീം ഇന്ന് നാട്ടിലെത്തും.വ്യാഴാഴ്ച രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ച അബ്ദുള്‍ റഹീം വെള്ളിയാഴ്ച രാവിലെ 7.30 നാണ് നാട്ടിലെത്തുക.

വെള്ളിയാഴ്ച നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കള്‍ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന ഉറപ്പിലാണ് യാത്ര. ഇത്ര വേഗത്തില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.

റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. അല്‍ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിനോചേർന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വില്‍ക്കുന്ന ചെറിയ കടയില്‍ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടു വില്‍ക്കണം, കടങ്ങള്‍ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. റഹീം വിശദീകരിച്ചു.

അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതല്‍ വാത്സല്ല്യം നല്‍കിയിരുന്നു. അവനെ ഉള്‍പ്പെടെയാണ് സന്ദർശക വിസയില്‍ സൗദിയില്‍ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദില്‍ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു.

അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ടെന്നും റഹീം പറയുന്നു.
ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേയെന്നും റഹീം വിതുമ്പലോടെ ചോദിച്ചുക്കുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only