പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പേടിച്ച് മൊഴി മാറ്റി നൽകാൻ തയ്യാറാണ് നിർണായക സാക്ഷികൾ. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന നിലപാടാണ് ഇപ്പോൾ എടുത്തിരിക്കുന്നത്.
ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും ഒന്നും അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയിരിക്കുന്നു, കൊലപാതക ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറിയിരിക്കുകയാണ്. അതേസമയം, ചെന്താമര കൊല്ലാൻ തീരുമാനിച്ചിരുന്ന അയൽവാസിയായ പുഷ്പ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്.
കൊലക്കുശേഷം ചെന്താമര ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ ആവർത്തിച്ചു. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ പുഷ്പയാണെന്നും അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും ചെന്താമര മൊഴി നൽകിയിരുന്നു.
2025 ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് മുങ്ങിയ ഇയാളെ 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് പിടി കൂടിയത്. ശാസ്ത്രീയ തെളിവുകൾ, കൊലക്കുപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ വസ്ത്രം എന്നിവ പൊലിസിന് കണ്ടെടുക്കാനായിരുന്നു.
ഇപ്പോൾ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസിൽ 2019ല്‍ ജയിലില്‍ പോയതായിരുന്നു ചെന്താമര. ആ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ സുധാകരനേയും ലക്ഷ്മിയേയും വകവരുത്തിയത്.
നിലവിൽ ആദ്യം ആലത്തൂർ സബ് ജയിലിലായിരുന്ന ചെന്താമരയെ, സഹതടവുകാർ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂർ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമരയുടെ പറയുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ നൂറ് വർഷമെങ്കിലും ജയിലിലടക്കൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. കൊലപാതകങ്ങളിൽ ഇയാൾക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് പൊലിസ് പറയുന്നു.
ഇയാളുടെ പേര് ചെന്താമര അല്ല ചെന്താമരാക്ഷൻ എന്നാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
Post a Comment