കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് അഗ്രോ ഫാം ടൂറിസ സൊസൈറ്റിയുടെ (കാഫ്റ്റ്) നേതൃത്വത്തിൽ റെസ്പോൺസിബിൾ ടൂറിസം മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ട്രെയിനിംഗിനോടനുബന്ധിച്ച് പഠന യാത്ര സംഘടിപ്പിച്ചു. വടകര, പേരാമ്പ്ര, കടലുണ്ടി, മാവൂർ തുടങ്ങി , കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കർഷകർ പഠന യാത്രയുടെ ഭാഗമായി.
തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി എട്ടോളം ഫാമുകളാണ് സംഘം സന്ദർശിച്ചത്. ഫാം ടൂറിസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും ഈ രംഗത്തേക്ക് കടന്നുവരാനാവശ്യമായ പ്രാഥമിക തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായ പ്രായോഗിക അനുഭവ പാഠങ്ങൾ ചോദിച്ചറിഞ്ഞുള്ള യാത്ര ഏറെ വിജയകരമായി.
തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, അസിസ്റ്റന്റ് ഓഫീസർ രാജേഷ്, ഫാം ടൂറിസം കോഓർഡിനേറ്റർ അജു എമ്മാനുവൽ, കൂടരഞ്ഞി ഫാം ടൂറിസ സൊസൈറ്റി സെക്രട്ടറി രാജേഷ് മണിമലത്തറപ്പിൽ എന്നിവർ പഠന യാത്രക്ക് നേതൃത്വം നൽകി.
പഠന യാത്രയിൽ ലഭിച്ച മികച്ച അനുഭവ പാഠങ്ങളിലും ആസ്വാദ്യകരമായ ഭക്ഷണത്തിലും മാതൃകാപരമായ ആതിഥേയത്വത്തിലും യാത്രാ സംഘാംഗങ്ങൾ ഏറെ സംതൃപ്തി രേഖപ്പെടുത്തി.

Post a Comment