Mar 1, 2025

മദ്യലഹരിയിൽ ആത്മഹത്യാശ്രമം; അനുനയിപ്പിച്ച് വീട്ടിലെത്തിച്ചു, രക്ഷിച്ചയാളെ വെട്ടിക്കൊന്ന് 20-കാരൻ


മൺറോത്തുരുത്ത് (കൊല്ലം): ആത്മഹത്യയിൽനിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം. മദ്യലഹരിയിൽ തീവണ്ടിപ്പാളത്തിൽ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്പാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലിൽ വീട്ടിൽ (ഈരക്കുറ്റിയിൽ) ചെമ്മീൻ കർഷകത്തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്.

ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടി(20)യെ കിഴക്കേ കല്ലട പോലീസും നാട്ടുകാരും ചേർന്ന് രാത്രി 11.30-ഓടെ പിടികൂടി.

വെള്ളിയാഴ്ച രാത്രി 7.30-ഓടെ അമ്പാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്.

പോലീസ് പറയുന്നത്: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ഓടിച്ചുവിട്ടു. തുടർന്ന് മദ്യലഹരിയിൽ സമീപത്തെ തീവണ്ടിപ്പാതയിലേക്കു കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാർ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ചശേഷം മടങ്ങി.

വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിൻന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് സുരേഷിനെ ശാസ്‌താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി., കിഴക്കേ കല്ലട എസ്.എച്ച്.ഒ. എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛൻ.
അമ്മ: മണിയമ്മ.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only