തിരുവമ്പാടി∙ കൂടരഞ്ഞി റോഡിലെ ടാറിങ്ങിൽ ക്രമക്കേട് ഉന്നയിച്ചു നാട്ടുകാർ രംഗത്തെത്തിയതോടെ ടാറിങ് മാറ്റി ചെയ്തു. തിരുവമ്പാടി ടൗൺ മുതൽ ഇന്നലെ രാവിലെ ബിസി ടാറിങ് ആരംഭിച്ചിരുന്നു. എന്നാൽ, ഹയർ സെക്കൻഡറി സ്കൂൾ കഴിഞ്ഞുള്ള ഭാഗത്ത് എത്തിയപ്പോൾ ടാർ മിക്സിങ്ങിൽ ഗുണമേന്മ ഇല്ലാത്തതു നാട്ടുകാർ ചൂണ്ടികാണിച്ചു.
മെറ്റലും ടാറും തമ്മിൽ മിക്സ് ചെയ്തതു ചേരാത്ത വിധത്തിലായിരുന്നു. മെറ്റൽ വെളുത്തു കിടക്കുന്നത് ഉന്നയിച്ച്, ഇത് ഉപയോഗിച്ചു ടാറിങ് പാടില്ലെന്ന ആവശ്യവുമായി കൂടുതൽ നാട്ടുകാരെത്തി. അപ്പോഴേക്കും കുറെ സ്ഥലത്ത് ടാറിങ് നടത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ, പഞ്ചായത്ത് അംഗം ലിസി മാളിയേക്കൽ എന്നിവരും എത്തിയതോടെ റോഡിൽ ഇട്ട ഗുണമേന്മ ഇല്ലാത്ത ടാർ മിക്സ് ഒഴിവാക്കാമെന്നു പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
തിരുവമ്പാടി – കൂടരഞ്ഞി റോഡ് ടാറിങ്ങിനു കൊണ്ടുവന്ന ടാർ മിക്സ്. ഇതിനു നിലവാരമില്ലെന്ന് ആരോപിച്ചാണു ടാറിങ് തടഞ്ഞത്.
ഇതനുസരിച്ച് റോഡിൽ ഇട്ട കുറച്ചു ഭാഗത്തെ ടാർ മിക്സ് ഒഴിവാക്കി. എന്നാൽ, മിക്സ് ശേഖരിച്ചു വച്ച വാഹനത്തിലേക്കു തന്നെയാണു വീണ്ടും എത്തിയ ലോഡ് തട്ടിയതെന്നു നാട്ടുകാർ ആരോപിച്ചു. ഇതുപയോഗിച്ചാണ് വീണ്ടും ടാറിങ് നടത്തിയത്. താമരശ്ശേരിയിൽ നിന്നുവന്ന ഒരു ലോഡ് ബിസി ടാർ മിക്സിങ്ങിലെ അപാകതയാണു പ്രശ്നമെന്നും ക്രമക്കേട് കണ്ടപ്പോൾ അത് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നും അത് ഒഴിവാക്കിയാണു ബാക്കി ടാറിങ് നടത്തിയതെന്നും പൊതുമരാമത്ത് എഇ അറിയിച്ചു.
Post a Comment