മുക്കം: കാരശേരി പഞ്ചായത്ത് ഭരണസമിതി യോഗം അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കി തടസപ്പെടുത്താനുള്ള ഇടത് മെംബർമാരുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് കാരശേരി പഞ്ചായത്ത് യു.ഡി. എഫ് നേതാക്കൾ പറഞ്ഞു.
2024-25 വാർഷിക പദ്ധതി യുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യത്തോടെ വിളിച്ചുചേർത്ത ഭരണസമിതി യോഗത്തിൽ ഗേറ്റുംപടി അങ്ങാടിയിൽ നിർമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരേയാണ് ഇടതുപക്ഷ മെംബർമാർ അനാവശ്യ ബഹളം ഉണ്ടാക്കിയത്.
പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ചുകൊണ്ടാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ഭരണസമിതി തീരുമാനിച്ചത്. വാർഷിക പദ്ധതി രൂപീകരണ സമയത്ത് തന്നെ ഇതിന് ആവശ്യമായ ഫണ്ട് വകയിരുത്തി ഡി.പി.സി അംഗീകാരവും വാങ്ങി പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് അവസാന ഘട്ടത്തിൽ എത്തിയിരി ക്കുകയാണ്. ഈ സമയത്താണ് അനാവശ്യതടസവാദവുമായി ഇടത് മെംബർമാർ വന്നിട്ടുള്ളത്.
ഇത്തരം നീക്കത്തെ അംഗികരിക്കാനാവില്ലെന്നും യു .ഡി.എഫ് നേതാക്കൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണത്തിൽ വിറളിപൂണ്ട ഇടത്പക്ഷം അനാവശ്യ സമരവുമായി മുന്നോട്ട് പോവുന്നത് കാരശേരിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇതിനെ ജനകീയമായി നേരിടുമെന്നും യു. ഡി.എഫ് കാരശേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. കോയ, കൺവീനർ സമാൻ ചാലൂളി പറഞ്ഞു.
Post a Comment