Mar 24, 2025

കാർഷിക ടൂറിസം : നൂറ്റിപ്പത്ത് അംഗ സംഘം തിരുവമ്പാടിയിൽ


തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ കർഷകരിൽ നിന്നും ആധുനിക പ്രായോഗിക കാർഷിക പാഠങ്ങൾ ഉൾക്കൊള്ളാനും ശാസ്ത്രീയവും മനോഹരവുമായ ഫാമുകൾ ആസ്വദിക്കാനുമായി ഒരു ജംബോ സംഘമാണ് ഇത്തവണ വയനാട്ടിൽ നിന്നും വന്നത്.

കൃഷി വകുപ്പ് 'അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റിന് ഏജൻസി ' (ആത്മ) യുടെ കർഷകർക്കായുള്ള പഠന യാത്രാ പദ്ധതിയുടെ ഭാഗമായാണ് ഈ കർഷകർ തിരുവമ്പാടിയിൽ എത്തിയത്.

ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ അമ്പിളി ആനന്ദ്, ഉദ്യോഗസ്ഥരായ വിജീഷ്, അഞ്ജലി, ജിഷ ബോസ്, ബാബു എന്നിവരാണ് പഠന യാത്രാ സംഘത്തിന് നേതൃത്വം നൽകിയത്. തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ തുടങ്ങിയവർ ചേർന്ന് സന്ദർശകരെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.

ആന്റണി പി.ജെ. യുടെ ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ നിന്നും സ്വാഭാവിക കുളത്തിലെ മത്സ്യകൃഷി യെക്കുറിച്ചും, കർഷകോത്തമ ഡൊമിനിക്  മണ്ണൂക്കുശുമ്പിലിന്റെ കാർമ്മൽ അഗ്രോ ഫാമിൽ നിന്നും നാളികേര കൃഷി, സമ്മിശ്ര കൃഷി എന്നിവയെക്കുറിച്ചും, ദേവസ്യ മുളക്കലിന്റെ അടുത്തുനിന്ന് ബഡ്ഡിംഗ്, ലെയറിംഗ് എന്നിവയെക്കുറിച്ചും, ജോർജ്ജ് പനച്ചിക്കലിന്റെ അക്വാ പെറ്റ്സ് ഇന്റർനാഷണലിൽ നിന്നും ഹൈ ഡെൻസിറ്റി അലങ്കാര മത്സ്യ കൃഷിയെ കുറിച്ചും ജോസ് പുരയിടത്തിലിൽ നിന്നും ശാസ്ത്രീയ ആട് കൃഷി യെക്കുറിച്ചും പഠിച്ച സംഘം താലോലം പ്രൊഡക്ട്സിൽ ബീന അജുവിൽ നിന്നും കാർഷിക ഉത്പന്ന മൂല്യ വർധനവിനെക്കുറിച്ചും പരിജ്ഞാനം നേടി. 

പതിനഞ്ചോളം കർഷകർ അടങ്ങുന്നതാണ് തിരുവമ്പാടി പഞ്ചായത്തിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി.  സംസ്ഥാന, ദേശീയ അവാർഡ് ജേതാക്കളായ ഇത്രയധികം കർഷകരെയും ഫാമുകളെയും കുറഞ്ഞ യാത്രാ ദൂരത്തിൽ സന്ദർശിച്ച് പഠനം നടത്താനാവും എന്നതാണ് കാർഷിക പഠന സംഘങ്ങളെ തിരുവമ്പാടിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'കോഴിക്കോട് അഗ്രോ ഫാം ടൂറിസം' (കാഫ്റ്റ് ) എന്ന ഫാം ടൂറിസ പദ്ധതിയുടെ ഭാഗമായാണ് തിരുവമ്പാടിയിലെ ഫാം ടൂറിസ സർക്യൂട്ട് പ്രവർത്തിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only