Mar 1, 2025

ഇരുവഴിഞ്ഞിപ്പുഴയോട് കിന്നാരം പറഞ്ഞ് 'കഥയോരം' ശിൽപശാലക്ക് സമാപനം


കാരശ്ശേരി: വിഖ്യാത കഥാകാരൻ എസ് കെ പൊറ്റക്കാടിന്റെ 'നാടൻപ്രേമം' ജന്മം കൊണ്ട ഇരുവഴിഞ്ഞിപ്പുഴയോരത്ത് വിദ്യാർത്ഥികൾ ഒത്തുകൂടി . കഥകൾ പറഞ്ഞും പാട്ടുപാടിയും അഭിനയിച്ചും നൃത്തം ചെയ്തും ശാന്തമായ പുഴയോരം ജീവസ്സുറ്റതാക്കി. ഇരുവഴിഞ്ഞിയെ തഴുകിയെത്തിയ ഇളംകാറ്റേറ്റ് അവർ കുഞ്ഞു കവിതകൾക്കും കുട്ടിക്കഥകൾക്കും ജന്മം നൽകി.
കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ചീപ്പാൻകുഴി പുഴയോരത്ത് നടത്തിയ 'കഥയോരം' രചനാ ശിൽപ്പശാലയാണ് വ്യത്യസ്തത പുലർത്തിയത്. തടസ്സപ്പെട്ട പുഴയുടെ നീരൊഴിക്കിന്റെയും നഷ്ടപ്പെട്ട തെളിമയുടെയും സങ്കടം ചേർത്ത് അവർ കവിതകൾ രചിച്ചു. പുഴയോരത്തെ പുൽപ്പടർപ്പുകളെയും വള്ളിച്ചടികളെയും ചീവീടുകളെയും കഥാപാത്രങ്ങൾ ആക്കി കഥകൾ രചിച്ചു . കേട്ടറിഞ്ഞ പുഴയെയും കണ്ടറിഞ്ഞ പുഴയെയും കുറിച്ച് അനുഭവക്കുറിപ്പ് എഴുതി . ഇതുവരെ നടത്തിയ യാത്രകളിൽ വെച്ച് ഏറ്റവും ഹൃദ്യമായതെന്ന് യാത്രാവിവരണത്തിൽ കുറിച്ചിട്ടു . കൊടുംവേനലിൽ പുഴയോരത്ത് തണലൊരുക്കിയ മുളങ്കാടുകളുടെ ചിത്രങ്ങളാണ് ചിലർ വരച്ചതെങ്കിൽ വേലിയേറ്റത്തിൽ മുങ്ങാൻ ഇരിക്കുന്ന പുഴക്ക് നടുവിലെ പാറക്കൂട്ടങ്ങളാണ് ചിലർക്ക് ഇഷ്ടമായത്.

 കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുന്നതിനായി നടത്തിയ ശിൽപ്പശാലയുടെ ഉദ്ഘാടനം  പിടിഎ പ്രസിഡണ്ട് വിപി ഷിഹാബ് നിർവഹിച്ചു. ബിആർസി ട്രെയിനർ ഹാഷിദ് കെ സി ശില്പശാലക്ക് നേതൃത്വം നൽകി. കുട്ടികളുടെ രചനകൾ കോർത്തിണക്കിയ 'കഥയോരം' രചനാ പതിപ്പ് ഹെഡ്മാസ്റ്റർ എൻ എ  അബ്ദുസ്സലാം ഏറ്റുവാങ്ങി . മലയാളം ക്ലബ്ബ് കൺവീനർ ബക്കർ ടി പി സ്വാഗതവും അതുൽ മാത്യു നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only