ജമ്മുകശ്മീരിലെ പഹൽഗാമിൽ 28 പേരുടെ ജീവൻ എടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കസൂരിയെന്നാണ് റിപ്പോർട്ട്. സെയ്‌ഫുള്ള ഖാലിദ് എന്ന കസൂരി 2 മാസം മുമ്പ് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക അതിഥി ആയിരുന്നു. ആരാണ് പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നറിയപ്പെടുന്ന സെയ്‌ഫുള്ള ഖാലിദ് കസൂരി ?
പഹൽഗാമിലെ സാധാരണക്കാരായ വിനോദസഞ്ചാരികൾക്ക് നേരെ നിറയൊഴിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലക്ഷകറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് ആയ കസൂരി എന്നാണ് റിപ്പോർട്ട്. പാക് ഭീകരനും ലഷ്കറെ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കസൂരി. പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നും ഇയാൾ അറിയപ്പെടുന്നു. ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിലും കസൂരിക്ക് പങ്ക് ഉണ്ടെന്നാണ് വിവരം.
വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിനും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്ഷണം അനുസരിച്ച് പഞ്ചാബിലെ കങ്കൺ പൂരിൽ കസൂരി സൈനികർക്കായി പ്രസംഗിച്ചിരുന്നു. പാക് സൈന്യത്തിലെ കേണൽ സാഹിദ് സെരീൻ ഘട്ടക്കിന്റെ ക്ഷണമനുസരിച്ച് എത്തിയ കസൂരിയെ പൂക്കൾ വർഷിച്ചാണ് പാക് സൈന്യം അന്ന് സ്വീകരിച്ചത്. ഫെബ്രുവരി രണ്ടിന് ഖൈബർ പഖ് തൂൺ ഖ്വയിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയിരുന്നു. 2026 ഫെബ്രുവരിക്ക് മുമ്പ് കാശ്മീർ പിടിച്ചെടുക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും ആക്രമണം ശക്തമാക്കും എന്നായിരുന്നു കസൂരിയുടെ പരാമർശം.
ആബട്ടാബാദിലെ വനാന്തരങ്ങളിൽ കഴിഞ്ഞവർഷം നടന്ന ഭീകര ക്യാമ്പുകളിൽ നൂറുകണക്കിന് പാക് യുവാക്കൾ പരിശീലനം നേടിയിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ലഷ്കറെ തൊയ്ബയുടെ പെഷാവർ ആസ്ഥാനത്തിന്റെ തലവൻ കൂടിയാണ് കസൂരി. 2016 യുഎസ് ഭീകരവാദ പട്ടികയിലും 2009 യുഎൻ ഉപരോധ പട്ടികയിലും ഇയാൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post a Comment