Apr 26, 2025

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; പൊതുദർശനം പൂർത്തിയായി; രാജ്യത്ത് ഇന്ന് ദുഃഖാചരണം


ദില്ലി: ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദ‍ർശനം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. 

ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാൻസിസ് മാർപാപ്പ നിത്യതയിലേക്ക് മടങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനിച്ച അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 1958 ൽ ഈശോ സഭയിൽ ചേർന്നു. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാളായി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി.

കത്തോലിക്കാ സഭയുടെ 266 മത്തെയും ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയുമായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം, വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരമ്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിച്ച് സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച മാർപാപ്പ, ലോകമാകെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്ക് പ്രത്യാശയുടെ വെളിച്ചമായിരുന്നു.
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only