Apr 27, 2025

കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു; പെട്രോള്‍ പമ്പില്‍ പൊട്ടിത്തെറി; ആട് ഷമീര്‍ അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു ,മൂന്ന് പോലീസുകാർക്കും, രണ്ട് ബസ് ജീവനക്കാർക്കും പരുക്ക്.


കൊടുവള്ളി : കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാറിനു തടസ്സം നേരിട്ടു എന്നാരോപിച്ചാണ് ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും, ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്.

സംഭവ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയ തിരുവനന്തപുരം നെടുമങ്ങാട് അമീൻ അജ്മൽ (28)നെ അവിടെ വെച്ചു തന്നെ പോലീസ് പിടികൂടി.

കാറിൽക്കയറി കൊടുവള്ളി മടവൂർമുക്ക് ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഒരാൾ രക്ഷപ്പെട്ടു.

കുപ്രസിദ്ധ ഗുണ്ട കാസർകോട് ഭീമനടി ഒറ്റത്തയ്യിൽ ആട് ഷമീർ (34), കാസർകോട് കൊളവയൽ അബദുൽ അസീസ് (31), എന്നിവരെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നരിക്കുനി സമീപം വെച്ച് സാഹസികമായി പിടികൂടി. പ്രതികളെ പിടികൂടുന്നതിനിടെ കൊടുവള്ളി എസ് ആൻറണി, സി പി ഒ റിജോ മാത്യു, ഡ്രൈവർ നവാസ് എന്നിവർക്ക് പരുക്കേറ്റു.ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഗുണ്ടാസംഘത്തിൻ്റെ ആക്രമത്തിൽ ബസ് ജീവനക്കാരായ ക്ലീനർ കുന്ദമംഗലം പെരിങ്ങളം പെരിയങ്ങാട് സനൽ ബാലകൃഷ്ണ (24), ഡ്രൈവർ പൈമ്പ്ര സ്വദേശി രാഗേഷ് (38) എന്നിവർക്കും പരുക്കേറ്റു.ഇവർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയില്‍ അതുവഴി വന്ന കാറിന് കടന്നു പോകാൻ കഴിഞ്ഞില്ല എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 
ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനു പുറമെ മാരകായുധങ്ങൾ ഉപയോഗിച്ചതായും ദുസാക്ഷികൾ പറയുന്നു.

ശരീരത്തിൽ പരുക്കുകൾ ഉള്ളതിനാൽ ആട് ഷമീർ, അബദുൽ അസീസ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതികളായ മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only