യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 ഇനിയും തിരിച്ചുപോയിട്ടില്ല. ഇംഗ്ലണ്ടിൽ നിന്നടക്കം വിദഗ്‌ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതിക വിദഗ്‌ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.
പത്ത് ദിവസമായി വിമാനത്താവളത്തിൽ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിൻ്റെ കേടുപാട് പരിഹരിക്കാൻ ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം. ഇനിയും വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എയർ ലിഫ്റ്റിങ് വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സുരക്ഷവിലയിരുത്തിയ ശേഷം സൈനിക വിമാനത്തിൽ എഫ് 35 ബ്രിട്ടണിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഇനി വരുന്ന 30 അംഗസംഘത്തിന് പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വിമാനം എയയർലിഫ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഹൈഡ്രോളിക് സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് ഇത്. ഇനിയും കൂടുതൽ ദിവസം വിമാനത്താവളത്തിൽ എഫ് 35 തുടരുകയാണെങ്കിൽ വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതർ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ വിമാനത്തിന്റെ സങ്കേതികത്തകരാർ കണ്ടെത്തുന്നതിനായി ബ്രിട്ടണിൽനിന്ന് അഞ്ചുപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്‌ധരും ഇതിനിടെ മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യുദ്ധവിമാനത്തിൻ്റെ ചുമതലയേറ്റെടുത്തു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂർണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ക്ഹീൽഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണു സൂചന.
Post a Comment