കോടഞ്ചേരി: സാഹസികവിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഇന്റര്‍നാഷണല്‍ കയാക്കിങ് സെന്ററില്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ആരംഭിച്ചു. സഞ്ചാരികള്‍ക്ക് ഇനി സൈക്കിള്‍ വാടകയ്‌ക്കെടുത്ത് കാഴ്ച്ചകളിലും സംസ്‌കാരത്തിലും വ്യത്യസ്തതയാര്‍ന്ന കോടഞ്ചേരി - പുലിക്കയം - തുഷാരഗിരി ഭാഗങ്ങളിലെ നാട്ടുപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാടന്‍ ഭക്ഷണങ്ങളും കഴിച്ച് കണ്‍നിറയെ കാണാം നിറമുള്ള കാഴ്ചകള്‍. പ്രദേശത്തെ കാര്‍ഷിക ജനതയുടെ വേറിട്ട ജീവിതശൈലികളും കൃഷിരീതികളുമൊക്കെ നേരിട്ട് കണ്ടറിയാം. രണ്ട് മണിക്കൂറിന് 500 രൂപയാണ് സൈക്കിള്‍ വാടക. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും ടൂറിസം വകുപ്പും സംയുക്തമായാണ് കോടഞ്ചേരി പഞ്ചായത്തില്‍ ചാലിപ്പുഴയുടെ തീരത്തുള്ള പുലിക്കയത്തെ കയാക്കിങ് സെന്ററിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
കോഴിക്കോടിന്റെ മലയോരമേഖലയായ കോടഞ്ചേരി പഞ്ചായത്തിനെ സാഹസിക വിനോദങ്ങളുടെ ഹബ്ബായി മാറ്റുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ആരംഭിച്ചതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങില്‍ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു.
ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷത വഹിച്ചു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജര്‍ പ്രസാദ് തുമ്പാണി, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, കോടഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ സൂസൻ കേഴപ്ലാക്കൽ, റിയാനസ് സുബൈർ, തുഷാരഗിരി ഡിടിപിസി സെന്റര്‍ മാനേജര്‍ ഷെല്ലി മാത്യു, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ പോള്‍സണ്‍ അറക്കല്‍, പരിശീലകന്‍ വി കെ അക്ഷയ് അശോക്, ബെനീറ്റോ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കോടഞ്ചേരി ഇന്റര്‍നാഷണല്‍ കയാക്കിങ് സെന്ററില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ്, പാക്ക് റാഫ്റ്റിങ് എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.
Post a Comment