Jun 26, 2025

അവയവ ദാന പ്രതിജ്ഞയോടെ റോട്ടറി മിസ്റ്റി മെഡോസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.


തിരുവമ്പാടി :
ഒന്നരവർഷം കൊണ്ട് തിരുവമ്പാടി മലയോര നാട്ടിലെ സാംസ്കാരിക - സാമൂഹിക സേവന മേഖലകളിലെ ശക്തമായ സാന്നിധ്യമായി മാറുവാൻ സാധിച്ച തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിന്റെ സാരഥ്യം പുതിയ നേതൃ നിരക്ക് കൈമാറി.

രൂപീകരിക്കപ്പെട്ട് കേവലം ഒന്നര വർഷക്കാലം കൊണ്ട് ചാർട്ടർ പ്രസിഡന്റ് പി.ടി. ഹാരിസ്, സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്, ട്രഷറർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ മാതൃകാപരമായ പാലിയേറ്റീവ് കെയർ, പഠന സഹായങ്ങൾ, ആരോഗ്യ സേവനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് റോട്ടറി മിസ്റ്റി മെഡോസിന് ചെയ്യുവാൻ സാധിച്ചത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

തിരുവമ്പാടി ഫോറസ് പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ദീപക് കോറോത്ത്, സോണൽ കോ ഓർഡിനേറ്റർ ലഫ്. കേണൽ അരവിന്ദാക്ഷൻ, അസിസ്റ്റന്റ് ഗവർണർ ജസ്റ്റിൻ കെ ജോൺ, ഡിസ്ട്രിക്ട് ഓഫീസർ ഡോ. എൻ. എസ് സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷ ചടങ്ങിൽ വച്ച് വരുന്ന ഭരണ വർഷത്തെ ഭാരവാഹിത്വത്തിലേക്ക് റജി മത്തായി പ്രസിഡണ്ടായും മെൽബിൻ അഗസ്റ്റിൻ സെക്രട്ടറിയായും ഷാജി വിളക്കുന്നേൽ ട്രഷററായും സനീഷ് സൈമൺ ഓഫീസ് ഭാരവാഹിയായും ചുമതല ഏറ്റെടുത്തു.

അവയവദാന ബോധവത്കരണ പ്രവർത്തനങ്ങളും പ്രകൃതി സൗഹൃദ - കർഷക ക്ഷേമ പ്രവർത്തനങ്ങളുമടക്കം നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ അടങ്ങിയ അടുത്ത ഒരു വർഷത്തെ പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തുകൊണ്ടാണ് റജി മത്തായി സ്ഥാനം ഏറ്റെടുത്തത്. സ്വന്തം അവയവദാനത്തിനുള്ള സമ്മതപത്രം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ദീപക് കോറോത്തിന് കൈമാറി മഹത്തായ മാതൃക നൽകിക്കൊണ്ട് തന്റെ പ്രഖ്യാപനങ്ങളിലെ ആത്മാർത്ഥത അദ്ദേഹം തെളിയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രശസ്തി പത്രങ്ങളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 

റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹി കെ.കെ പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്തംഗം ഷൗക്കത്തലി , തിരുവമ്പാടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജനിൽ ജോൺ , ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡൻറ് അജു എമ്മാനുവൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only