Jun 23, 2025

ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം


വാഷിങ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയില്‍ ബലാത്സംഗം അതിവേഗം വര്‍ധിച്ചു വരുന്ന കുറ്റകൃത്യമായിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റിടങ്ങളും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള അക്രമോത്സുക കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നു. മുന്നറിയിപ്പില്ലാതെ ഭീകരാക്രമണം ഉണ്ടാകാം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ മാര്‍ക്കറ്റുകളിലോ ഷോപ്പിങ് മാളുകളിലോ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഭീകരാക്രമണം ഉണ്ടായേക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ യുഎസ് പൗരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ യുഎസ് സര്‍ക്കാരിന് പരിമിതികളുണ്ട്. കിഴക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ തെലങ്കാനയും പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മേഖലയുമാണ് ഈ പ്രദേശങ്ങള്‍. അപകടസാധ്യത ഉള്ളതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയിലെ യുഎസ് ഉദ്യാഗസ്ഥര്‍ പ്രത്യേകമായി മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും ജാഗ്രതാ നിര്‍ദേശം വ്യക്തമാക്കുന്നു.

ജമ്മു കശ്മീര്‍, ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഒഡീഷ എന്നിവടങ്ങളിലേക്ക് പോകുന്നവരാണ് പ്രത്യേകം അനുമതി വാങ്ങേണ്ടത്. അതേസമയം ഈ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ല. മണിപ്പൂര്‍ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഈ മുന്നറിയിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

നാല് തലങ്ങളിലായാണ് ജാഗ്രത പാലിക്കേണ്ട രാജ്യങ്ങളെ യുഎസ് വേര്‍ത്തിരിച്ചിരിക്കുന്നത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ലെവല്‍ 2-ലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ലെവല്‍ 4 ആണ് ഏറ്റവും ഉയര്‍ന്നത്. ഈ ഗണത്തില്‍ വരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. ഇസ്രായില്‍ ആണ് ഈ ഗണത്തിലുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only