മംഗളൂരു: പത്തുവര്‍ഷത്തിനിടെ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കര്‍ണാടകയിലെ മുന്‍ ശുചീകരണ തൊഴിലാളി. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും തൊഴിലാളി പുറത്തുവിട്ട കത്തിൽ പറയുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പരാതിക്കാരന്‍. 1998 മുതല്‍ 2014 വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പത്തുവര്‍ഷത്തിന് ശേഷം പശ്ചാത്താപം കൊണ്ടാണ് താന്‍ മുന്നോട്ട് വന്നതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മൂന്നിന് ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ്.പി കെ.അരുണ്‍ പറഞ്ഞു. പരാതിയുമായി എത്തിയ ആൾ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് അപേക്ഷിച്ചതിനെ തുടർന്ന് കോടതിയെ സമീപിച്ചു. കോടതിയുടെ അനുമതിയോടുകൂടിയാണ് കേസ് എടുത്തിട്ടുള്ളത്. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും ഇദ്ദേഹം പൊലീസിന് കൈമാറി. ധര്‍മസ്ഥല സൂപ്പര്‍വൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ മറവുചെയ്യേണ്ടി വന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. താന്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ പൊലീസിനോട് ഇയാൾ ആവശ്യപ്പെട്ടു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയി. ഇപ്പോൾ അയല്‍ സംസ്ഥാനത്താണ് താമസിക്കുന്നത്. കൊലചെയ്യപ്പെടുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ദളിത് കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1995 മുതല്‍ 2014 വരെ ധര്‍മസ്ഥാല ക്ഷേത്രത്തിലെ ശുചീകരണ തോഴിലാളിയായാണ് ജോലി ചെയ്തത്. നേത്രാവതി നദിയിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരുന്നത്. തുടക്കത്തില്‍ മൃതദേഹങ്ങൾ കണ്ടപ്പോൾ മുങ്ങിമരണമെന്നാണ് കരുതിയത്. കൂടുതല്‍ മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു. മൃതദേഹങ്ങളുടെ ശരീരത്തില്‍ വസ്ത്രം ഇല്ലായിരുന്നു. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെയോ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ രഹസ്യമായി മറവു ചെയ്യാന്‍ സൂപ്പര്‍വൈസര്‍ എന്നെ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തി. അതിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണുന്ന പല സ്ഥലങ്ങളിലേക്കും സൂപ്പര്‍വൈസര്‍ തന്നെ കൊണ്ടുപോയെന്നും കൂടുതല്‍ മൃതദേഹങ്ങളും പെണ്‍കുട്ടികളുടെതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ ഒരു സംഭവം എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. 2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. ക്രൂരമായി ബലാത്സംഗത്തിനിരയായതിന്റെ എല്ലാ ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം പെണ്‍കുട്ടിയെ മറവുചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. മറ്റൊരു കേസ്, 20 വയസുള്ള പെണ്‍ക്കുട്ടിയുടേതാണ്. അവളുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലുള്ളതായിരുന്നു. ശരീരം മുഴുവനായി പത്രം ഉപയോഗിച്ച് പൊതിഞ്ഞ മൃതദേഹം കത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് പൊലീസുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മസ്ഥാല ക്ഷേത്ര ഭരണ സമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കുറ്റവാളികള്‍. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ വെറുതെ വിടില്ല. എനിക്ക് സരക്ഷണം ലഭിച്ചാല്‍ കുറ്റവാളികളുടെ പേരും പങ്കും വെളിപ്പെടുത്താന്‍ തയാറാണ്. താന്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മാന്യമായ അന്ത്യകര്‍മങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
Post a Comment