ആലപ്പുഴ: അലകടലായി ഒഴുകിയെത്തിയ മഹാപ്രവാഹത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി കേരളത്തിന്റെ സമര സഖാവ് വി എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ. നിസ്വവർഗത്തിന്റെ നായകനെ വലിയചുടുകാട് നെഞ്ചോടുചേർത്തു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുമായി സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസിന് ജനലക്ഷങ്ങൾ വിടചൊല്ലി. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി പൊരുതി വി എസ് ചുവപ്പിച്ച സമരഭൂമി വീരോചിത യാത്രയയപ്പാണ് നൽകിയത്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പമാണ് കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.കണ്ണീരും തേങ്ങലുമായി പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ജനലക്ഷങ്ങളാണ് ആലപ്പുഴയിലേക്കും എത്തിച്ചേർന്നത്. തോരാത്ത മഴയും കാത്തിരിപ്പും ആൾക്കൂട്ടത്തിന് തടസ്സമായില്ല. ചൊവ്വ ഉച്ചയ്ക്ക് തലസ്ഥാന നഗരിയിൽനിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നു. ജനാരവങ്ങൾക്കിടയിലൂടെ തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധൻ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്.പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് സഖാവ് വി എസ്മൃസഖാവ് വി എസ്തദേഹം എത്തിയപ്പോൾ ആയിരങ്ങൾ തൊണ്ടയിടറി വിളിച്ചു.
ഇല്ല ഇല്ല മരിക്കുന്നില്ല, പ്രിയ സഖാവ് മരിക്കുന്നില്ല. പൊതുദർശനത്തിനായി വി എസിനെയും വഹിച്ചുള്ള വാഹനം എത്തുംമുൻപേ വീടിന് മുന്നിൽ കിലോമീറ്ററുകൾ നീണ്ടനിരയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള ജനതയുടെ പോരാട്ടങ്ങൾക്ക് ഊടുംപാവും നെയ്ത പുന്നപ്രയുടെ മണ്ണിലാണ് വി എസ് അച്യുതാനന്ദന്റെ ‘വേലിക്കകത്ത്’ വീട്. ഈ വീട്ടിലേക്ക് അവസാനയാത്രയ്ക്ക് വി എസ് എത്തിയപ്പോൾ കേരളമൊന്നാകെ ഒപ്പം അനുഗമിച്ചു. ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകി. മൃതദേഹം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിലെത്തിച്ചപ്പോഴും ജനപ്രവാഹത്തിന് ഒരു കുറവും വന്നില്ല. അവിടെയും മണിക്കൂറുകളോളം നീണ്ട പൊതുദർശനം. പിന്നീട് ബീച്ചിനുസമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്. എല്ലായിടത്തും അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ നീണ്ടനിര. പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.നാല് മണിക്കായിരുന്നു വലിയചുടുകാട്ടിൽ സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ റിക്രിയേഷൻ സെന്ററിൽനിന്ന് മൃതദേഹം എടുത്തപ്പോൾത്തന്നെ രാത്രി എട്ടര കഴിഞ്ഞു. അന്ത്യയാത്ര രക്തസാക്ഷികളുടെ സ്മൃതിമണ്ഡപമായ വലിയചുടുകാട്ടിലേക്ക്. കടലിരമ്പത്തെയും മറികടന്ന മുദ്രാവാക്യം വിളികളുമായി, പ്രിയ സഖാക്കളുടെ അന്ത്യാഭിവാദ്യത്താൽ വി എസ് എന്ന സമരനൂറ്റാണ്ട് ചിതയിലെരിഞ്ഞു. മകൻ വി എ അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തി. വി എസിന്റെ ഭാര്യ വസുമതിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വി എസ് 102-ാം വയസ്സിൽ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 2006മുതൽ 2011വരെ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി. 1980മുതൽ 1991വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്
Post a Comment