വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരം 03:20-നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ് . മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്.
അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി. കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. അച്യുതാനന്ദന്‍.
മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്.
അശരണരുടെ കണ്ണീരൊപ്പിയ വി.എസ്
പുസ്തകത്താളുകളിലെ പ്രത്യയശാസ്ത്രത്തെക്കാള്‍ തീഷ്ണമായ ജീവിതനുഭവങ്ങളായിരുന്നു വി.എസിന്‍റെ മൂലധനം. മനുഷ്യാവകാശം, പ്രകൃതിസംരക്ഷണം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന മേഖലകളിലേക്ക് പോരാളിയെപ്പോലെ വി.എസ്. ഇറങ്ങിച്ചെന്നു. അഴിമതി, നീതിനിഷേധം, കുത്തകവല്‍ക്കരണം, വര്‍ഗീയത ,സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവയൊക്കെ ചെറുക്കാനും ആലംബമില്ലാത്തവരെ ചേര്‍ത്തുപിടിക്കാനും ഇക്കാലമത്രയും അദ്ദേഹത്തിന് കഴിഞ്ഞു.
മുള്ളുകളിലൂടെ നടന്ന് പ്രസ്ഥാനത്തെ മാത്രമല്ല നാടിനെയും നയിച്ച ഇതുപോലൊരു പോരാളി അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല.
കൈ പിടിച്ച് സഖാവ് കൃഷ്ണപിള്ള... വി.എസ് രാഷ്ട്രീയത്തിലേക്ക്
സ്വജീവിതമാണ് വി.എസ്. എന്ന വ്യക്തിയെ ആദ്യം പരുക്കനും കണിശക്കാരനും പിന്നെ ആയിരങ്ങള്‍ക്ക് തണലേകുന്ന ആല്‍മരവുമാക്കിയത്. 1923 ഒക്ടോബര്‍ 23 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ജനനം. നാലാം വയസില്‍ അമ്മ അക്കമ്മയെ നഷ്ടപ്പെട്ടു. അവഗണനയും കഷ്ടപ്പാടും നേരിട്ട വിദ്യാലയ ജീവിതകാലഘട്ടത്തില്‍ തുടങ്ങിയതാണ് ആ പോരാട്ടം. പക്ഷേ ഏഴാംക്ലാസില്‍ പഠിപ്പുനിന്നു. അച്ഛന്‍ ശങ്കരന്‍ മരിക്കുമ്പോള്‍ വി.എസിന് പതിനൊന്ന് വയസ്. അച്ഛന്‍റെ സഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്നു. വൈകാതെ ചേട്ടനൊപ്പം തുന്നല്‍ ജോലിക്കിറങ്ങി. കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.
കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എ.കെ.ജിയെയും എ.വി. കുഞ്ഞമ്പുവിനെയും അടുത്തറിഞ്ഞത്.
പി. കൃഷ്ണപിളളയാണ് വി.എസിനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനയിച്ചത് . വൈകാതെ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പുന്നപ്ര–വയലാര്‍ സമരം. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയ വി.എസ്. പൊലീസ് പിടിയിലായി. കൊടിയമര്‍ദ്ദനമേറ്റു. കാല്‍വെളളയില്‍ ബയണറ്റ് തുളഞ്ഞുകയറി. പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷകൊല്ലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായി.
സമര പോരാട്ടങ്ങളിലെ വി.എസ്
സ്വാതന്ത്ര്യാനന്തരം ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായി വി.എസ് മാറി. വൈകാതെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക്. എസ്.എ ഡാങ്കെയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരിലൊരാള്‍ വി.എസ്. ആയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെയും ബന്ധിപ്പിച്ച അവസാനകണ്ണിയാണ് വിടവാങ്ങുന്നത്.
പ്രായാധിക്യത്തെ തുടര്‍ന്ന് സ്വയം പിന്‍മാറുന്നത് വരെ തിരഞ്ഞെടുപ്പുകളെ പാര്‍ട്ടി നേരിട്ടപ്പോഴൊക്കെ ഒന്നുകില്‍ സ്ഥാനാര്‍ഥിയായി അല്ലെങ്കില്‍ പ്രധാനചുമതലക്കാരനായി വി.എസ് നിറഞ്ഞു നിന്നു.
1985 മുതല്‍ 2009 വരെ പൊളിറ്റ് ബ്യൂറോ അംഗമായി.1980 മുതല്‍ 92 വരെ പന്ത്രണ്ട് വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും സംഭവബഹുലമായ അക്കാലം കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്.
പോരാട്ടങ്ങളും പരിസ്ഥിതി രാഷ്ട്രീയവും
1967, 70, 91, 2001, 2006, 2016 എന്നിങ്ങനെ ആറുതവണ നിയമസഭാംഗമായി. 92 മുതല്‍ 96 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും പ്രതിപക്ഷനേതാവായി. ഇക്കാലയളവിലായിരുന്നു പരിസ്ഥിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയപ്പോരാട്ടങ്ങള്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് കേരളത്തിന്റെ പരിസ്ഥിതിക്കുവേണ്ടിയുള്ള വി.എസ്സിന്റെ ഇടപെടല്‍ എന്നുകൂടി ഓര്‍ക്കണം.
മുല്ലപ്പെരിയാറില്‍ നിന്ന് മേക്കരയിലേക്കും മതികെട്ടാനില്‍ നിന്ന് മൂന്നാറിലേക്കും മടവൂര്‍പ്പാറയില്‍ നിന്ന് പൂയംകുട്ടിയിലേക്കുമുള്ള വി.എസിന്‍റെ യാത്രകള്‍ പരിസ്ഥിതി രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കി.
ഇതിനിടെയാണ് അഴിമതിക്കെതിരായ നിയമപ്പോരാട്ടങ്ങള്‍. അത് പലതും വര്‍ഷങ്ങള്‍ നീണ്ടു. ഒരുഘട്ടത്തില്‍ ഏതു പ്രശ്നവും പരിഹരിക്കാന്‍ വി.എസ്. തന്നെ വേണമെന്നായി. പാര്‍ട്ടിയുടെ വേലിക്കുപുറത്തേക്ക് ആ പ്രതിച്ഛായ വളര്‍ന്നു പന്തലിച്ചു.
ഒടുവില്‍ 2006 മേയ് 16 ന് എണ്‍പത്തിരണ്ടാംവയസ്സില്‍ വി.എസ്. കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി. ഭൂമികയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരായ സന്ധിയല്ലാ സമരം കൂടിയായി അക്കാലം. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് അശ്രാന്ത പരിശ്രമം നടത്തി.
ഭരണത്തുടര്‍ച്ച അന്നേ ഉണ്ടാകേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് രണ്ടാം വി.എസ് സര്‍ക്കാര്‍ ഉണ്ടാകാതെ പോയത്. എങ്കിലും പ്രതിപക്ഷത്തിരുന്ന് വീറോടെ സഭാതലത്തിലും പുറത്തും വി.എസ്. പോരാടി. വീണ്ടും മലമ്പുഴയില്‍ നിന്ന് ജയിച്ചുവന്ന വി.എസ്. സഭാതലത്തില്‍ പ്രകാശം പരത്തി.
ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി. ആ നിലയിലും ഫലപ്രദമായ ഇടപെടലുകള്‍ . ഡസനിലേറെ റിപ്പോര്‍ട്ടുകള്‍ ഇക്കാലയളവില്‍ സമര്‍പ്പിച്ചു. ക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങി. പതിയെ അദ്ദേഹം പൊതുരംഗത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തു.
Post a Comment