Jul 18, 2025

ബഥാനിയയിൽ അഖണ്ഡജപമാലസമർപ്പണത്തിന് തുടക്കമായി


തിരുവമ്പാടി : പുല്ലൂരാംപാറ പളളിപ്പടി ബഥാനിയാ ധ്യാനകേന്ദ്രത്തിൽ 101 ദിവസം രാപകലുകൾ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാലസമർപ്പണത്തിനും തുടക്കമായി.

രജതജൂബിലി വർഷത്തിൽ ലോകസമാധാനവും കുടുംബവിശുദ്ധീകരണവുമാണ് സന്ദേശം. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡജപമാലസമർപ്പണത്തിന്റെ രജതജൂബിലിയും ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. തുടർന്നുനടന്ന ദിവ്യബലിയിൽ ബിഷപ്പ്‌ മുഖ്യകാർമികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമൺ കിഴക്കേക്കുന്നേൽ, പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാക്കോസ് മുഖാലയിൽ എന്നിവർ സഹകാർമികരായിരുന്നു.
ഒട്ടേറെ മാനസാന്തരത്തിലേക്ക് നയിക്കാൻ 25 വർഷത്തെ സേവനത്തിനിടെ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചതായി ബിഷപ്പ് പറഞ്ഞു. യുദ്ധക്കെടുതിയിൽ വലയുന്ന ഉക്രൈനിലെയും പലസ്തീനിലെയും ജനങ്ങൾക്കുവേണ്ടിയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നൈജീരിയയിലും ചൈനയിലും പീഡനം ഏൽക്കേണ്ടി വരുന്നവർക്കുവേണ്ടിയും പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അഖണ്ഡജപമാല സമർപ്പണത്തോടനുബന്ധിച്ച് ബഥാനിയായിൽ എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാകും. ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനും ദിവ്യബലിയർപ്പണം നടക്കും. എല്ലാ ദിവസവും പകൽ മൂന്നിനും പുലർച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും.

എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നേർച്ചഭക്ഷണമുണ്ട്. ഒക്ടോബർ 25-ന് സമാപിക്കും. ശുശ്രൂഷകൾക്ക് ബഥാനിയ ഡയറക്ടർ ഫാ. റോണി പോൾ കാവിൽ, അസി. ഡയറക്ടർ ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. ജോസഫ് പൂവന്നിക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only