മുക്കം; കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്കിന്റെ മറവിൽ മുക്കത്ത് സിപിഎം നടത്തിയ അക്രമ സംഭവങ്ങൾ അപലപനീയമാണെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം ജനറൽ സെക്രട്ടറി പിജി മുഹമ്മദ് എന്നിവർ പ്രസ്താവിച്ചു.
സർക്കാർ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ നടത്തുന്നത് ജനങ്ങൾക്ക് നേരെയുള്ള അതിക്രമം ആകുന്നത് അംഗീകരിക്കാൻ ആവില്ല. പണിമുടക്കുന്നവർക്കുള്ള പണിമുടക്കാനുള്ള അവകാശം പോലെ തന്നെയാണ് പണി എടുക്കാൻ ഉള്ള അവകാശവും എന്ന് സിപിഎം തിരിച്ചറിയണം. തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും സർക്കാർ ഓഫീസുകൾക്ക് നേരെയും നടത്തിയ അക്രമങ്ങൾ സിപിഎം അഹന്തയുടെ തെളിവാണ്.
മത്സ്യക്കച്ചവടക്കാരന്റെ മത്സ്യങ്ങൾക്ക് മീതെ മണ്ണെണ്ണ ഒഴിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭീഷണി ജനപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ല. പണിമുടക്കാത്ത എ ഇ ഒ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ കയ്യേറ്റങ്ങളും പ്രതിഷേധാർഹമാണ്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജലദ്രോഹ നയങ്ങളാലും തലതിരിഞ്ഞ പ്രവർത്തനങ്ങളാലും ജീവിക്കാൻ വഴിമുട്ടിയ ജനങ്ങൾ സമരത്തോടൊപ്പം ജീവിതത്തിനുള്ള മാർഗം കൂടെ തേടുമ്പോൾ അവരെ വെല്ലുവിളിക്കുന്നത് യോജിക്കാവുന്നതല്ല. സമരങ്ങളുടെ മറവിൽ ജനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താൻ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം മുക്കത്തിന്റെ മണ്ണിൽ വില പോവില്ലെന്നും ഇരുവരും പറഞ്ഞു.
Post a Comment